പ്രവാസികൾ നാട്ടിലേക്കയച്ച സാധനങ്ങൾ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്നു, ഡോർ ടു ഡോർ കാർഗോ രംഗത്ത് വ്യാജന്മാരുടെ വിളയാട്ടം

Published : Dec 15, 2025, 11:40 AM IST
luggage

Synopsis

പ്രവാസികള്‍ അധ്വാനിച്ച് ഉണ്ടാക്കിയ പൈസ കൊടുത്ത് വാങ്ങി സ്വന്തം നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടികിടക്കുന്നു. ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയിൽ മറിച്ചു വിറ്റും വഞ്ചിക്കുന്നത്. 

റിയാദ്: പ്രവാസികൾ അധ്വാനിച്ച പൈസ കൊടുത്തുവാങ്ങി സ്വന്തം നാടുകളിലേക്ക് അയക്കുന്ന സാധനങ്ങൾ കാർഗോ ഏജൻസികളുടെ ഗോഡൗണുകളിൽ കെട്ടികിടക്കുന്നു. ലക്ഷണക്കിന് കിലോ സാധനങ്ങളാണ് ഇങ്ങനെ കെട്ടിക്കിടന്നും കരിഞ്ചന്തയിൽ മറിച്ചു വിറ്റും പ്രവാസികൾ വഞ്ചിതരാവുന്നതെന്ന് ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ (ഐ.ഡി.എ) ഭാരവാഹികൾ റിയാദിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനധികൃത ഏജൻറുമാരാണ് തട്ടിപ്പുനടത്തുന്നതെന്നും അവർ ആരോപിച്ചു. അംഗീകൃത സ്ഥാപനങ്ങൾ ഇല്ലാത്ത വ്യക്തികളും അനധികൃത ഏജൻസികളും മിനി പിക്കപ്പ് വാന്‍, നെയിം കാര്‍ഡ്, സ്റ്റിക്കര്‍, ബില്‍ എന്നിവ ഉപയോഗിച്ച് വളരെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് ഡോർ ടു ഡോർ അയക്കാമെന്ന് വാഗ്ദാനം നൽകി സാധനങ്ങള്‍ ശേഖരിക്കുന്ന പ്രവണത വര്‍ധിച്ചിരിക്കുന്നു. 

കുറഞ്ഞ വിലക്ക് വില്‍പ്പന

ഇവര്‍ ശേഖരിക്കുന്ന സാധനങ്ങള്‍ പലപ്പോഴും നാട്ടിലേക്ക് അയക്കപ്പെടാതെ റിയാദിലെ ഗോഡൗണുകളിലോ നാട്ടിലെത്തിയശേഷം വിതരണം ചെയ്യാപ്പെടാനാവാതെ അവിടുത്തെ ഗോഡൗണുകളിലോ കെട്ടിക്കിടക്കുകയും തുടര്‍ന്ന് കുറഞ്ഞ വിലക്ക് വില്‍പ്പനക്ക് വെക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ ഈ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഔദ്യോഗിക അംഗീകാരത്തോടെ മാന്യമായി ഈ രംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെന്ന നിലയിലുള്ള ഉത്തരവാദിത്വ ബോധത്തോടെ ഇക്കാര്യം ജനങ്ങളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതെന്ന് അവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കുറഞ്ഞ നിരക്കിൽ അയക്കാമെന്ന് പഞ്ഞ് സാധനം എടുക്കുന്ന ഇത്തരം അനധികൃത കാര്‍ഗോ ഏജൻസികളോട വ്യക്തികളോ അംഗീകൃത ഏജൻസികൾ വഴിയാണ് കാർഗോ അയക്കാൻ ശ്രമിക്കാറുള്ളത്. ഉപഭോക്താക്കളിൽനിന്ന് എടുക്കുന്ന സാധനങ്ങൾ അംഗീകൃത ഏജൻസികളെ കൊണ്ടുവന്ന് ഏൽപ്പിച്ച ശേഷം പേയ്മെൻറ് ഭാഗികമായി നടത്തിയശേഷം മുങ്ങുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ബാക്കി പണം കൂടി വന്നിട്ട് അയക്കാമെന്ന് കരുതി ഏജൻസികൾ കാത്തിരിക്കും. എന്നാൽ കൊണ്ടുവന്ന് ഏൽപിച്ച ഏജൻറുമാരെ പിന്നെ കാണില്ല. അതോടെ അയക്കപ്പെടാതെ ഈ സാധനങ്ങൾ കെട്ടികിടക്കുന്ന സാഹചര്യമുണ്ടാവും.

2021 മെയ് രണ്ടിന് ജിദ്ദ, ദമ്മാം, റിയാദ് എന്നീ പ്രവിശ്യകളിലെ കാര്‍ഗോ പ്രവര്‍ത്തകരുടെ കൂട്ടായ്മയായി രൂപവത്കരിക്കപ്പെട്ട ഐ.ഡി.എ ഈ സാഹചര്യത്തിൽ കൂടുതൽ ഉണർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. പ്രവാസികൾ തട്ടിപ്പിന് ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കും. സംഘടനയുടെ മേൽനോട്ടത്തിൽ എയർ കാർഗോക്ക് 13 റിയാലും സീ കാർഗോക്ക് ഏഴ് റിയാലും എന്ന നിലയിൽ ഡോർ ടു ഡോർ നിരക്ക് ഏകീകരിച്ചിട്ടുണ്ട്. ഈ തുകയിൽ കുറച്ച് കാർഗോ അയക്കാമെന്ന് പറഞ്ഞ് ഏജൻറുമാർ സമീപിച്ചാൽ തട്ടിപ്പല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ സാധനങ്ങൾ അയക്കാൻ ഏൽപ്പിക്കാവൂ. വാർത്താസമ്മേളനത്തിൽ ഡോർ ടു ഡോർ കാർഗോ രംഗത്ത് പ്രവർത്തിക്കുന്ന അറബ്കോ രാമചന്ദ്രൻ, രഞ്ജിത് മോഹൻ, കെ.ടി. റഫീഖ്, ടി.കെ. ഹാഫിസ്, സെയ്യിദ്, മുഹമ്മദ് തൻവീർ, നൂറുദ്ദീൻ, മുഹമ്മദ് ബഷീർ എന്നിവർ പങ്കെടുത്തു.

ഫോട്ടോ: ഇന്ത്യൻ ഡോർ ടു ഡോർ അസോസിയേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യത, ജാഗ്രതാ നിർദ്ദേശം
ഒമാനിൽ വൻ ജ്വല്ലറി കവർച്ച; ജ്വല്ലറിയുടെ ചുമർ തുരന്ന് 23 കോടിയിലധികം വില വരുന്ന സ്വർണം കവർന്നു, രണ്ട് യൂറോപ്യൻ പൗരന്മാർ പിടിയിൽ