
റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ഇടിയോടുകൂടിയ കനത്ത മഴയ്ക്കും മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിലേക്ക് പോകരുതെന്ന് അധികൃതർ പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി അറേബ്യയിലെ പല പ്രവിശ്യകളിലും മിന്നൽ പ്രളയത്തിലേക്ക് നയിച്ചേക്കാവുന്ന മിതമായതോ കനത്തതോ ആയ ഇടിമിന്നലോടു കൂടിയ മഴ, ആലിപ്പഴ വർഷം, പൊടിപടലങ്ങൾ ഉയർത്തുന്ന ശക്തമായ കാറ്റ് എന്നിവ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
റിയാദ്, ഖസീം, ഹൈൽ, മദീന, മക്ക, അൽ-ബാഹ, അസീർ, ജസാൻ, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളില്‍ മഴയ്ക്കുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ നേരിയതോ മിതമായതോ ആയ മഴക്ക് സാധ്യതയുണ്ട്. അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഡിസംബർ 18 വരെ വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്വരകളിലേക്കും സ്ഥലങ്ങളിലേക്കും പോകുന്നത് ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
അതേസമയം പൂർണ്ണമായ ശൈത്യകാലം ആരംഭിച്ചതോടെ സൗദിയുടെ പല ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചിരുന്നു. മഴയിൽ പച്ചപ്പ് അണിഞ്ഞ രാജ്യത്തെ മനോഹരമായ പ്രകൃതി ദൃശ്യങ്ങളുടെ ചിത്രങ്ങൾ സൗദി പ്രസ് ഏജൻസി പുറത്തുവിട്ടിരുന്നു. സൗദിയുടെ വടക്കുള്ള അൽ-നഫൂദ് (ഗ്രേറ്റ് നഫൂദ് മരുഭൂമി) ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ മിതമായതോ കനത്തതോ ആയ മഴ, മണൽക്കുന്നുകളെ മനോഹരമായ രൂപങ്ങളാക്കി മാറ്റുകയും നീരുറവകളും തടാകങ്ങളും രൂപപ്പെടുകയും ചെയ്തു. മരുഭൂമിയും ക്യാമ്പിംഗ് പ്രേമികളും ഇപ്പോൾ അൽ-നഫൂദിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
സൗദിയിലെ രണ്ടാമത്തെ വലിയ പ്രകൃതി സംരക്ഷണ കേന്ദ്രമായ ഈ പ്രദേശത്തും മഴ പുതുജീവൻ നൽകി. വടക്കൻ അതിർത്തി പ്രവിശ്യയിലെ വാദി അറാർ സജീവമാകുകയും പ്രവിശ്യയിലെ 11 ഡാമുകളിൽ വെള്ളം നിറയുകയും ചെയ്തു. അറാർ നഗരത്തിലെ മരുഭൂമികൾ ട്രെക്കിംഗ് ചെയ്യുന്നവർക്കും പ്രകൃതി സ്നേഹികൾക്കും ഇഷ്ടപ്പെട്ട സ്ഥലമായി മാറി. തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള അസീറിലും സമീപ പ്രവിശ്യകളിലും മലമുകളിലെ മഞ്ഞും അബ്ഹ നഗരവും മനോഹരമായ ശൈത്യകാല ദൃശ്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam