ദുരന്തത്തിലും അത്ഭുതരക്ഷ നൽകിയ 11എ സീറ്റ്; അഹമ്മദാബാദ് വിമാന അപകടത്തിന് പിന്നാലെ ഈ സീറ്റിന് ആവശ്യക്കാരേറുന്നു

Published : Jun 19, 2025, 07:19 PM ISTUpdated : Jun 19, 2025, 07:34 PM IST
Vishwash Kumar Ramesh (left), representative image (right)

Synopsis

അഹമ്മദാബാദ് വിമാന ദുരന്തത്തിന് പിന്നാലെ വിമാനത്തിലെ 11എ സീറ്റിന് ആവശ്യക്കാരേറുന്നു. പല യാത്രക്കാരും ഈ സീറ്റ് ബുക്ക് ചെയ്യാൻ അധിക തുക മുടക്കാനും തയ്യാറാകുന്നതായി ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നു. 

ദുബൈ: അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ ഞെട്ടലില്‍ നിന്ന് ഇന്ത്യന്‍ ജനത മുക്തരായിട്ടില്ല. 242 യാത്രക്കാരില്‍ ഒരാളൊഴികെ എല്ലാവരും മരിച്ച ദുരന്തത്തിന്‍റെ ആഘാതത്തിന് പിന്നാലെ വിമാനത്തിലെ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ യാത്രക്കാരുടെ തിരക്കേറുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നു. വിമാന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരോയൊരു യാത്രക്കാരനായ വിശ്വാസ് കുമാര്‍ രമേഷ് ഇരുന്നത് 11എ സീറ്റില്‍ ആയിരുന്നു. എമര്‍ജന്‍സി എക്സിറ്റ് സമീപമുള്ള സീറ്റാണിത്. വിശ്വാസ് കുമാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടതിനാല്‍ ഈ സീറ്റ് ‘ലക്കി’ സീറ്റായാണ് പല യാത്രക്കാരും ഇപ്പോള്‍ കരുതുന്നതെന്ന് ട്രാവല്‍ ഏജന്‍റുമാരെ ഉദ്ധരിച്ചുള്ള ‘ഖലീജ് ടൈംസി’ന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നു.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരില്‍ ചിലര്‍ ഇതോടെ 11എ സീറ്റ് ബുക്ക് ചെയ്യാന്‍ താല്‍പ്പര്യം കാണിക്കുന്നുണ്ട്. ഈ സീറ്റ് തന്നെ ലഭിക്കാനായി അധിക തുക നല്‍കാനും തയ്യാറാകുന്ന യാത്രക്കാരുണ്ടെന്നാണ് ട്രാവല്‍ ഏജന്‍റുമാര്‍ പറയുന്നത്. അടുത്ത ആഴ്ച ഇന്ത്യയിലേക്ക് പോകാനിരിക്കുന്ന നമിത താക്കര്‍ എന്ന യുഎഇ പ്രവാസി തന്‍റെ ദുബൈ-മുംബൈ എയര്‍ ഇന്ത്യ വിമാനത്തില്‍ 11എ സീറ്റ് കിട്ടുമോയെന്ന് നോക്കുകയാണ്. മകനുമായി യാത്ര ചെയ്യുകയാണെന്നും മകനായി 11എ സീറ്റ് ബുക്ക് ചെയ്യണമെന്ന് ആഗ്രഹിക്കുന്നതായും നമിത ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. അന്ധവിശ്വാസം കൊണ്ടല്ല, മറിച്ച് ഹൃദയഭേദകമായ ദുരന്തത്തിലും ആ സീറ്റ് നല്‍കിയ പ്രതീക്ഷയാണ് തനിക്ക് 11എ സീറ്റിനോടുള്ള താല്‍പ്പര്യമെന്നും അവര്‍ പറഞ്ഞു.

11എ സീറ്റ് വേണമെന്ന ആഗ്രഹം പ്രകടിപ്പിച്ചും ആ സീറ്റ് ലഭിക്കുമോയെന്ന് അന്വേഷിച്ചും യാത്രക്കാര്‍ ബന്ധപ്പെടാറുണ്ടെന്ന് യുഎഇ ട്രാവല്‍ ഏജന്‍റുമാര്‍ വ്യക്തമാക്കി. 11-ാം നിരയിലെ 11എ സീറ്റിനായി ആവശ്യക്കാര്‍ കൂടുന്നു. ഈ സീറ്റിനായുള്ള താല്‍പ്പര്യം പെട്ടെന്ന് കൂടിയതായും 200 ദിര്‍ഹം ഈ സീറ്റിനായി മുടക്കാനും ആളുകള്‍ക്ക് പ്രശ്നമില്ലെന്നും നിയോ ട്രാവല്‍ ആന്‍ഡ് ടൂറിസം പാര്‍ട്ണര്‍ അവിനാശ് അദ്നാനി പറഞ്ഞു.

ഭാഗ്യത്തെക്കാൾ ഉപരി, ഇത് സുരക്ഷിതമായ സീറ്റാണെന്നാണ് യാത്രക്കാര്‍ വിശ്വസിക്കുന്നതെന്നും ഇന്ത്യൻ യാത്രക്കാരുടെ ഭാഗത്ത് നിന്നും ഈ സീറ്റ് വേണമെന്ന അന്വേഷണങ്ങള്‍ വരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാധാരണയായി വിമാന കമ്പനികള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഈ സീറ്റ് കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, പ്രായമായ യാത്രക്കാര്‍ എന്നിവര്‍ക്ക് നല്‍കാറില്ല.

വിമാനത്തിലെ ഏത് സീറ്റാണ് സുരക്ഷിതമെന്ന് പറയാനാകില്ലെന്നും എന്നാല്‍ വിമാനത്തിലെ പിന്‍ഭാഗത്തുള്ള ടെയില്‍ എന്‍ഡ് സീറ്റുകള്‍ സുരക്ഷിതമാണെന്ന് പൊതുവായി വിശ്വസിക്കപ്പെടുന്നെന്നും ദുബൈയിലെ എയര്‍ ട്രാവല്‍ എന്‍റര്‍പ്രൈസസ് ജനറല്‍ മാനേജരായ റീന ഫിലിപ്പ് പറയുന്നു. എയര്‍ക്രാഫ്റ്റിന്‍റെ പിന്‍ഭാഗത്തെ സീറ്റുകള്‍ കൂടുതല്‍ സുരക്ഷിതമാണെന്ന് കരുതപ്പെടുന്നതായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്ട്രാറ്റജിക്ഏറോ റിസര്‍ച്ച് ചീഫ് അനലിസ്റ്റ് സാജ് അഹ്മദ് പറഞ്ഞു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ