'സ്റ്റേ സ്ട്രോങ് ഇന്ത്യ'; ഇന്ത്യയെ ചേര്‍ത്തുനിര്‍ത്തി ഗള്‍ഫ് രാജ്യങ്ങള്‍, സഹായമെത്തിക്കാന്‍ തീരുമാനം

By Web TeamFirst Published Apr 27, 2021, 2:03 PM IST
Highlights

ഇന്ത്യയ്ക്ക് ബഹ്‌റൈന്‍ പിന്തുണ അറിയിച്ചു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ജനതയോടും ബഹ്‌റൈന്‍ മന്ത്രിസഭ അനുശോചനം അറിയിച്ചു.

ദുബൈ: കൊവിഡ് വ്യാപനവും ഓക്‌സിജന്‍ ക്ഷാമവും രൂക്ഷമായ പശ്ചാത്തലത്തില്‍ ഇന്ത്യയ്ക്ക് സഹായമെത്തിക്കാന്‍ കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യയിലേക്ക് മെഡിക്കല്‍ ഉപകരണങ്ങളും ഓക്‌സിജനും അയയ്ക്കാന്‍ ബഹ്‌റൈന്‍ തീരുമാനമെടുത്തു. ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന  വെര്‍ച്വല്‍   മന്ത്രിസഭാ യോഗത്തിലാണ് ഇന്ത്യയ്ക്ക് സഹായമെത്തിക്കാന്‍ തീരുമാനമായത്.

ഇന്ത്യയ്ക്ക് ബഹ്‌റൈന്‍ പിന്തുണ അറിയിച്ചു. കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ കുടുംബത്തോടും ഇന്ത്യന്‍ ഗവണ്‍മെന്റിനോടും ജനതയോടും ബഹ്‌റൈന്‍ മന്ത്രിസഭ അനുശോചനം അറിയിച്ചു. സൗദി അറേബ്യ, യുഎഇ, ഖത്തര്‍, കുവൈത്ത് എന്നീ രാജ്യങ്ങളും ഇന്ത്യയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകളും ദുരിതാശ്വാസ വസ്തുക്കളും അയയ്ക്കാന്‍ തിങ്കളാഴ്ച ചേര്‍ന്ന കുവൈത്ത് മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 

സൗദിയിൽ നിന്ന് 80 മെട്രിക് ടൺ ലിക്വിഡ് ഓക്സിജനും നാല് ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും ഇന്ത്യയിലേക്ക് അയച്ചിരുന്നു. ഇതിന് പിന്നാലെ യുഎഇയും ഇന്ത്യയിലേക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ അയച്ചു. എയർഫോഴ്സസിന്‍റെ സി 17 വിമാനത്തിലാണ് ഓക്സിജൻ അയച്ചത്. യു.എ.ഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദല്ല ബിൻ സായിദ് ആൽ നെഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറുമായി ഫോണിൽ വിളിച്ച് സംസാരിച്ച് പിന്തുണ അറിയിച്ചതിനു പിന്നാലെയാണ് കണ്ടയ്നറുകൾ അയക്കാനുള്ള വിമാനം ഇന്ത്യയിൽ നിന്ന് ദുബൈയിലെത്തിയത്. യു.എ.ഇയുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി അറിയിക്കുന്നതായി  ഡോ. എസ്. ജയ്ശങ്കർ ട്വീറ്റ് ചെയ്തു.

ഇന്ത്യയിലേക്ക് ഓക്സിജന്‍ എത്തിക്കാന്‍ തയ്യാറെന്ന്  ഖത്തറും അറിയിച്ചിട്ടുണ്ട്. ദേശീയ പെട്രോളിയം കമ്പനിയായ ഖത്തർ പെട്രോളിയത്തിൻെറ അനുബന്ധ കമ്പനി ഗസാൽ ക്യു എസ് സി ആണ് സന്നദ്ധത പ്രകടിപ്പിച്ചത്. ഓക്സിജൻ കൊണ്ടുപോകാനുള്ള ക്രയോജനിക് സ് റ്റോറേജ് വെസലുകള്‍ ഇന്ത്യ എത്തിച്ചാല്‍ 20,000 ലിറ്റർ തോതിൽ 60,000 ലിറ്റർ   ദ്രവീകൃത ഓക്സിജൻ ഒരുദിവസം തന്നെ കപ്പൽ മാർഗം കയറ്റിഅയക്കാമെന്നാണ് ഖത്തറിന്‍റെ വാഗ്ദാനം.

click me!