പ്രവാസികളുടെ പ്രശ്നങ്ങളുന്നയിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹികള്‍ എംബസി അധികൃതരുമായി കൂടിക്കാഴ്ച നടത്തി

By Web TeamFirst Published Jun 8, 2021, 5:11 PM IST
Highlights

രണ്ടുവർഷമായി ശമ്പളം പോലും ലഭിക്കാതെ നാട്ടിൽ പോകാൻ സാധിക്കാത്ത 66 ഇന്ത്യക്കാർ താമസിക്കുന്ന തൊഴിലാളി ക്യാമ്പിൽ ഇപ്പോൾ വൈദ്യുതി പോലും വിഛേദിച്ചിരിക്കുകയാണ്. 

റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസി സമൂഹം നേരിടുന്ന നിരവധി സാമൂഹിക വിഷയങ്ങളെ മുൻനിർത്തി ഗൾഫ് മലയാളി ഫെഡറേഷൻ, റിയാദിലെ ഇന്ത്യൻ എംബസി അധികൃതരുമായി കൂടിക്കാഴ്ച നടത്തി. എംബസിയിലെ സാമൂഹിക ക്ഷേമവിഭാഗം മേധാവി എം.ആർ. സജീവിനെ സന്ദർശിച്ച് ഗൾഫ് മലയാളി ഫെഡറേഷൻ പ്രതിനിധികളായ റാഫി പാങ്ങോട്, കെ.പി. ഹരികൃഷ്ണൻ എന്നിവരാണ് ചർച്ച നടത്തിയത്. 

റിയാദ് ഫർണീച്ചർ കമ്പിനിയിലെ തൊഴിലാളികളുടെ പ്രശ്നങ്ങളില്‍ അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് അഭ്യർഥിച്ചു. രണ്ടുവർഷമായി ശമ്പളം പോലും ലഭിക്കാതെ നാട്ടിൽ പോകാൻ സാധിക്കാത്ത 66 ഇന്ത്യക്കാർ താമസിക്കുന്ന തൊഴിലാളി ക്യാമ്പിൽ ഇപ്പോൾ വൈദ്യുതി പോലും വിഛേദിച്ചിരിക്കുകയാണ്. അറുപത് വയസിന് മുകളിൽ പ്രായമുള്ളവരും രോഗികളുമാണ് ഭൂരിഭാഗം തൊഴിലാളികളും. തൊഴിലാളികളെ എത്രയും പെട്ടന്ന് നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കൈകൊള്ളുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്. 

ബഹ്റൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ വിഷയത്തിൽ എംബസി ഇടപെട്ട് അവരെ കൊണ്ടുവരാൻ ചാർട്ടേഡ് വിമാനം അയക്കണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയം ബന്ധപെട്ട മന്ത്രാലയ വൃത്തങ്ങളുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും ക്വാറന്റീൻ ചെലവ് വഹിക്കേണ്ടത് തൊഴിലുടമയുടെ  ഉത്തരവാദിത്തമാണെന്നാണ് സൗദി അധികൃതർ അറിയിച്ചിട്ടുള്ളതെന്നും സാമൂഹിക ക്ഷേമവിഭാഗം മേധാവി മറുപടിയായി പറഞ്ഞു. 

എംബസിയിൽ ലഭിക്കുന്ന പരാതികൾ ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും നിരവധി ഡിപ്പാർട്ടുമെൻറുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനാലാണ് കാലതാമസം ഉണ്ടാകുന്നതെന്നും കഴിവതും വേഗത്തിൽ പരിഹരിക്കാൻ എംബസി ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി വിഷയങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനും സഹായകരമായ കൂടികാഴ്ചയായിരുന്നു നടന്നതെന്ന് ഗൾഫ് മലയാളി ഫെഡറേഷൻ ഭാരവാഹികൾ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!