
റിയാദ്: സൗദിയിൽ രജിസ്റ്റർ ചെയ്യപ്പെട്ട ഒരു കേസിലെ പ്രതിയുമായി രൂപസാദൃശ്യമുണ്ടായതിന്‍റെ പേരിൽ കുടുങ്ങിയ ഹജ്ജ് തീർഥാടകൻ ഒടുവിൽ നാടണഞ്ഞു. മധ്യപ്രദേശ് സ്വദേശി ആസിഫ് ഖാൻ (61) ആണ് അധികൃതരുടെ കാരുണ്യത്താൽ പ്രശ്നങ്ങളിൽനിന്ന് മോചിതനായത്. നാട്ടിൽ നിന്നുള്ള ഹജ്ജ് സംഘത്തിൽ എത്തിയ ഇദ്ദേഹത്തിന് മറ്റൊരു കേസിലെ പ്രതിയുമായി സാമ്യം കണ്ടെത്തിയതാണ് വിനയായത്.
ഇന്ത്യൻ എംബസിയുടെയും സാമൂഹിക പ്രവർത്തകരുടെയും നിരന്തരമായ ഇടപെടലുകളും സൗദി അധികൃതരുടെ കരുണയുള്ള സമീപനവുമാണ് ഇദ്ദേഹത്തിന് തുണയായത്. നാട്ടിലെ സർക്കാർ കോളജിൽ സീനിയർ ക്ലാർക്കായി ജോലി ചെയ്യുന്ന ആസിഫ് ഖാൻ ഹജ്ജിനായാണ് ആദ്യമായി സൗദിയിൽ എത്തിയത്. എന്നാൽ വിരലടയാളം പതിച്ചപ്പോൾ തെളിഞ്ഞ വിവരങ്ങളിൽ മറ്റൊരു കേസിൽ സൗദി അന്വേഷിക്കുന്ന ഷക്കീൽ ഖാൻ എന്നയാളുമായി സാമ്യം തോന്നിയതാണ് പ്രശ്നമായത്. പേരിലെ സാമ്യവും ജനന തീയതി ഒന്നായതും സംശയം ശക്തമാക്കി. പഴയ കേസിലെ പ്രതി പുതിയ പാസ്പോർട്ടിൽ എത്തിയതാകുമെന്നായിരുന്നു അധികൃതരുടെ നിഗമനം.
സൗദിയിലെ അൽ അഹ്സയിലെ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ടെന്നും അത് വാറൻറ് (മത്ലൂബ്) ആയെന്നും കണ്ടെത്തിയതിനെ തുടർന്ന് ആസിഫ് ഖാനെ അൽ അഹ്സയിലേക്ക് അയച്ചു. അവിടുത്തെ ജീവകാരുണ്യ പ്രവർത്തകനും നവോദയ രക്ഷാധികാരിയുമായ ഹനീഫ മൂവാറ്റുപുഴയുടെ ഇടപെടലാണ് ആശ്വാസമായത്. എംബസി ഉൾപ്പടെയുള്ളവരുടെ അന്വേഷണത്തിൽ ഇദ്ദേഹം ഇതിന് മുമ്പ് സൗദിയിൽ എത്തിയിട്ടില്ലെന്ന് ബോധ്യമായെങ്കിലും കംപ്യൂട്ടറിലെ വിവരങ്ങൾ ഇദ്ദേഹത്തെ കുറ്റമുക്തമാക്കാൻ പര്യാപ്തമായിരുന്നില്ല.
ഒടുവിൽ ഇന്ത്യൻ എംബസിയുടെ നിർദേശപ്രകാം ഹനീഫ മൂവാറ്റുപൂഴ സ്വന്തം ജാമ്യത്തിൽ ഇദ്ദേഹത്തെ പുറത്തിറക്കി ഹജ്ജിനായി തിരികെ അയച്ചു. ഹജ്ജ് കഴിഞ്ഞാൽ ഉടനെതന്നെ തിരികെ എത്തണമെന്നായിരുന്നു നിർദേശം. പുലർച്ചെ രണ്ടോടെയാണ് നടപടിക്രമങ്ങൾ പൂർത്തിയാക്കി ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. അതുവരെ ഇദ്ദേഹത്തോടൊപ്പം ഹനീഫയും പൊലീസ് സ്റ്റേഷനിൽ ചെലവഴിച്ചു. എംബസിയുടെ അന്വേഷണ റിപ്പോർട്ട് ഉൾപ്പടെ പൊലീസ് സ്റ്റേഷനിൽ നൽകുകയും വിശദമായ അന്വേഷണത്തിനൊടുവിൽ ഇദ്ദേഹത്തെ ജിദ്ദയിൽ നിന്ന് തന്നെ നാട്ടിലയക്കാമെന്ന് പൊലീസ് സമ്മതിക്കുകയുമായിരുന്നു.
Read Also - എട്ടുവർഷമായി നാട്ടിൽ പോകാത്ത പ്രവാസി മലയാളിയെ കാണാതായി
ആദ്യ യാത്രയിൽ തന്നെ ചെയ്യാത്ത കുറ്റത്തിന് സൗദിയിൽ വിചാരണക്ക് വിധേയമായ ആസിഫ് ഖാന് ഇത് മറക്കാനവാത്ത ഹജ്ജനുഭവമാണ്. കൂടെയുള്ളവരെല്ലാം മടങ്ങിയിട്ടും ഇദ്ദേഹത്തിന് ജിദ്ദയിൽ തുടരേണ്ടി വരികയായിരുന്നു. കഴിഞ്ഞ ദിവസം അധികൃതരുടെ പ്രത്യേക അനുമതിയോടെ ഇദ്ദേഹം ജിദ്ദയിൽ നിന്ന് ലക്നൗവിലേക്ക് പറന്നു. വിമാനം പുറപ്പെട്ടതിന് ശേഷം മാത്രമാണ് ഇക്കാര്യത്തിൽ വിശ്വാസം വന്നതെന്ന് ഹനീഫ മൂവാറ്റുപൂഴ പറഞ്ഞു. ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി മോയിൻ അക്തർ എല്ലാ പിന്തുണയുമായി ഒപ്പം നിന്നത് വലിയ കരുത്തായി എന്നും അദ്ദേഹം പറഞ്ഞു. ഹജ്ജ് സംഘങ്ങൾ ഇത്തരം കാര്യങ്ങളിൽ കുറച്ചു കൂടി ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമപ്പെടുത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ