
റിയാദ്: സൗദി അറേബ്യ ലോകത്തിലെ ഏറ്റവും ശക്തമായ സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. അമേരിക്കൻ ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയഗാഥ സൗദി അറേബ്യയുടേതാകും എന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിച്ചത്.
തുടർച്ചയായി രണ്ടുവർഷത്തിനിടെ ജി 20 രാജ്യങ്ങളുടെ ഇടയിൽ ജി.ഡി.പിയിൽ അതിവേഗ വളർച്ച കൈവരിക്കുന്നതിൽ സൗദി അറേബ്യ വിജയിച്ചു. രാജ്യത്തിെൻറ സമഗ്ര പുരോഗതിക്കും പരിവർത്തനത്തിനും വേണ്ടി അവതരിപ്പിച്ച ദർശന പദ്ധതിയായ ‘വിഷൻ 2030’ ഞങ്ങളുടെ വലിയ അഭിലാഷമാണ് പ്രതിഫലിപ്പിക്കുന്നത്. അതിൻറെ ലക്ഷ്യങ്ങൾ വേഗത്തിൽ കൈവരിക്കുകയും വലിയ അഭിലാഷങ്ങളോടെ പുതിയ ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും ചെയ്തു.
സൗദി അറേബ്യയെ എപ്പോഴും മെച്ചപ്പെടുത്തുകയും വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ രീതി. ഞങ്ങളുടെ പുരോഗതിയുടെ വേഗത ഉയർന്ന നിലയിൽ തന്നെ തുടരും. ഒരു ദിവസം പോലും നിർത്തുകയോ അലസരാവുകയോ ചെയ്യില്ല. നാല് വർഷത്തിനുശേഷം അടുത്ത വികസന കാഴ്ചപ്പാടായി ‘വിഷൻ 2040’ പദ്ധതി പ്രഖ്യാപിക്കും. സൗദി ജനത മാറ്റത്തിനായി ആഗ്രഹിക്കുകയും അതിനുള്ള പ്രവർത്തനങ്ങളിൽ വിശ്വസിക്കുകയും ചെയ്യുന്നു. ജനങ്ങളാണ് മാറ്റത്തിനായി ശ്രമിക്കുന്നത്. ഞാനും അവരിൽ ഒരാളാണ്.
ടൂറിസം രംഗത്തെ ഞങ്ങളുടെ നിക്ഷേപം മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിൽ ഈ വ്യവസായം നൽകിക്കൊണ്ടിരിക്കുന്ന സംഭാവനയുടെ തോത് മൂന്ന് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർത്തി. സൗദി ടൂറിസം ഇതുവരെ നാല് കോടി വിദേശ സന്ദർശകരെയാണ് ആകർഷിച്ചത്. 2030-ൽ 10 കോടി മുതൽ 15 കോടി സന്ദർശകരെയാണ് ഞങ്ങൾ ലക്ഷ്യമിടുന്നതെന്നും കിരീടാവകാശി പറഞ്ഞു. ഫലസ്തീൻ ജനതയുടെ ദുരിതം അവസാനിപ്പിക്കാനായി അമേരിക്കയുൾപ്പടെയുള്ളവരുമായി ചർച്ച ചെയ്യുകയാണ്.
Read Also - നയാ പൈസ നികുതിയില്ല, ലോട്ടറി അടിച്ചാല്‍ മുഴുവനും സ്വന്തം; മലയാളികളെ കോടീശ്വരന്മാരാക്കുന്ന നറുക്കെടുപ്പുകള്‍
നിലവിൽ ഞങ്ങൾക്ക് ഇസ്രായേലുമായി ഒരു ബന്ധവുമില്ല. അവരുമായി ബന്ധം സ്ഥാപിക്കുന്ന വിഷയത്തിൽ ഫലസ്തീൻ പ്രശ്നം വളരെ പ്രധാനമാണ്. അത് പരിഹരിക്കപ്പെട്ടാലെ ഈ വഴിയിൽ മുന്നോട്ടുപോകാനാവൂ എന്നും ഇസ്രായേലുമായുള്ള ബന്ധം സംബന്ധിച്ച ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നതിനെക്കുറിച്ചുള്ള ഫോക്സ് ന്യൂസ് ലേഖകെൻറ ചോദ്യത്തിന് മറുപടിയായി കിരീടാവകാശി പറഞ്ഞു. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിനുള്ള നിർദേശം അമേരിക്കൻ ഭരണകൂടം മുന്നോട്ട് വെച്ചിരുന്നു. അങ്ങനെ ചെയ്യുന്നതിൽ അമേരിക്ക വിജയിച്ചാൽ ശീതയുദ്ധം അവസാനിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ കരാറായിരിക്കും അത്. ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചർച്ചകൾ തുടരുന്നത് നല്ലതാണ്.
അത് എല്ലാ ദിവസവും മുന്നോട്ടാണ്. അത് എവിടെ എത്തുമെന്ന് ഞങ്ങൾ നോക്കുകയാണ്. ഫലസ്തീനികൾക്കായി ഒരു നല്ല ജീവിതം കാണാനാണ് ആഗ്രഹിക്കുന്നത്. അവരുടെ കഷ്ടപ്പാടുകൾ ലഘൂകരിക്കുന്ന നല്ല ഫലങ്ങൾ ഉണ്ടാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. യു.എസുമായി വരാനിരിക്കുന്ന കരാറുകൾ ഇരു രാജ്യങ്ങൾക്കും മേഖലയുടെയും ലോകത്തിെൻറയും സുരക്ഷയ്ക്കും പ്രയോജനകരമാകുമെന്നും കിരീടാവകാശി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ