
റിയാദ്: കള്ളപ്പണ ഇടപാടിൽ ഇന്ത്യയടക്കം വിവിധ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 23 പേരെ സൗദിയിൽ പിടികൂടി ശിക്ഷിച്ചു. കള്ളപ്പണം കടത്തൽ കേസിലാണ് കോടതി ശിക്ഷിച്ചതെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. കരാതിർത്തി പോസ്റ്റ് വഴി ബസ് മാർഗം സൗദിയിൽ നിന്ന് വിദേശത്തേക്ക് കടക്കുന്നതിനിടെ 40 ലക്ഷത്തിലേറെ റിയാൽ കൈവശം വെച്ചാണ് പ്രതികൾ സുരക്ഷാ വകുപ്പുകളുടെ പിടിയിലായത്. ഈ തുക പ്രതികളെല്ലാവരും വീതിച്ച് കൈവശം വെച്ച് ഒളിപ്പിച്ചാണ് വിദേശത്തേക്ക് കടത്താൻ ശ്രമിച്ചത്.
വിസിറ്റ് വിസയിൽ സൗദിയിൽ പ്രവേശിച്ച പ്രതികൾ നിയമ ലംഘനങ്ങൾ നടത്തിയാണ് ഈ പണം സമ്പാദിച്ചതെന്ന് അന്വേഷണങ്ങളിൽ വ്യക്തമായി. സംഭവത്തിൽ അന്വേഷണം പൂർത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരായ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയായിരുന്നു. കേസിൽ വിചാരണ പൂർത്തിയാക്കിയ കോടതി സംഘത്തിൽ പതിനാറു പേരെ 15 വർഷം വീതം തടവിന് ശിക്ഷിച്ചു.
ഇവർക്ക് ഓരോരുത്തർക്കും 70 ലക്ഷം റിയാൽ തോതിൽ പിഴ ചുമത്തിയിട്ടുമുണ്ട്. മറ്റു പ്രതികൾക്ക് നാലു വർഷം മുതൽ എട്ടു വർഷം വരെ തടവാണ് ശിക്ഷ. ഇവർക്ക് വ്യത്യസ്ത തുക പിഴ ചുമത്തിയിട്ടുമുണ്ട്. പ്രതികളുടെ പക്കൽ കണ്ടെത്തിയ പണം കണ്ടുകെട്ടാനും ശിക്ഷ പൂർത്തിയാക്കിയ ശേഷം സൗദിയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ