വാട്സ്ആപ് വഴി പുതിയ രീതിയില്‍ തട്ടിപ്പ്; പ്രവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

By Web TeamFirst Published Oct 15, 2018, 12:03 PM IST
Highlights

തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചതോടെ പുതിയ രീതികളില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇപ്പോള്‍ കെണിയെരുക്കുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി പറഞ്ഞു.

കുവൈറ്റ് സിറ്റി: രഹസ്യവിവരങ്ങള്‍ മോഷ്ടിച്ച് ഓണ്‍ലൈന്‍ വഴി തട്ടിപ്പ് നടത്തുവന്ന സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വാട്സ്ആപ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പാസ്‍വേഡുകളും മറ്റ് സ്വകാര്യ വിവരങ്ങളും ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

തട്ടിപ്പുകളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം വര്‍ദ്ധിച്ചതോടെ പുതിയ രീതികളില്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുത്താണ് ഇപ്പോള്‍ കെണിയെരുക്കുന്നതെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടർ ബ്രിഗേഡിയർ തൗഹീദ് അൽ കൻദരി പറഞ്ഞു. അപരിചിത കേന്ദ്രങ്ങളില്‍ നിന്ന് വരുന്ന ലിങ്കുകളുടെ കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. വിശ്വാസയോഗ്യമല്ലാത്ത വെബ്‍സൈറ്റുകളില്‍ വിവരങ്ങള്‍ നല്‍കരുത്. പാസ്‍വേഡുകള്‍ ഇടയ്ക്കിടയ്ക്ക് മാറ്റുകയും പല സ്ഥലങ്ങളില്‍ ഒരേ പാസ്‍വേഡുകള്‍ നല്‍കുന്നത് ഒഴിവാക്കുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.

വാട്സാപ് വഴി സന്ദേശങ്ങളയച്ച് ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം ചോർത്തിയതായി നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. സ്വന്തം വാട്സ്‍ആപ് അക്കൗണ്ടുകളുടെ നിയന്ത്രണം നഷ്ടപ്പെട്ടതായി പലരും പരാതിപ്പെട്ടതായും അധികൃതര്‍ അറിയിക്കുന്നു. സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വലിയ വര്‍ദ്ധനവുണ്ടാകുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ്. തട്ടിപ്പ് ശ്രദ്ധയില്‍പെട്ടാല്‍ ആഭ്യന്തര മന്ത്രാലയത്തിലെ 25660142 എന്ന നമ്പറില്‍ അറിയിക്കണം.
 

click me!