നിതാഖാത്ത് പരാജയമെന്ന് സൗദി വിലയിരുത്തല്‍

By Web TeamFirst Published Oct 15, 2018, 11:25 AM IST
Highlights

നിരവധി തസ്തികകളില്‍ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് കാരണം വിദേശികളുടെ നിയമം വര്‍ദ്ധിച്ചതേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

റിയാദ്: സ്വദേശിവത്കരണ പദ്ധതിയായ നിതാഖാത്ത് പരാജയപ്പെട്ടതായി സൗദി തൊഴില്‍ മന്ത്രാലയം വിലയിരുത്തുന്നു. സ്വദേശിവത്കരണം നടപ്പാക്കിയതില്‍ പരാജയം സംഭവിച്ചുവെന്ന് നേരത്തെ സൗദി ശൂറാ കൗണ്‍സിലും വിമര്‍ശിച്ചിരുന്നു. ആരോഗ്യ മേഖല ഉള്‍പ്പെടെ പ്രധാനപ്പെട്ട മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നതില്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിന് വീഴ്ച സംഭവിച്ചുവെന്നാണ് ശൂറാ കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍ അറിയിച്ചത്.

നിരവധി തസ്തികകളില്‍ നിയമനം നടക്കാതെ ഒഴിഞ്ഞു കിടക്കുന്നതായാണ് തൊഴില്‍ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഗ്രീന്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്ക് നല്‍കിയ ഇളവ് കാരണം വിദേശികളുടെ നിയമം വര്‍ദ്ധിച്ചതേയുള്ളൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വദേശിവത്കരണം കൂടുതല്‍ ഫലപ്രദമാക്കുന്ന തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും ദേശീയ തലത്തില്‍ തന്നെ ശക്തമായ നിരീക്ഷണ സംവിധാനം വേണമെന്നാണ് ശൂറാ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ക്ലിനിക്കല്‍ ഫാര്‍മസി, ലബോറട്ടറി, നാച്യുറോപ്പതി എന്നിങ്ങനെ വിവിധ രംഗങ്ങളില്‍ ഇപ്പോള്‍ തന്നെ യോഗ്യരായ സൗദി പൗരന്മാര്‍ തൊഴില്‍ രഹിതരായി ഉണ്ടെന്നും ഇവര്‍ ജോലിക്കായി കാത്തിരിക്കേണ്ടി വരുന്നത് ശരിയല്ലെന്നും കൗണ്‍സില്‍ യോഗത്തില്‍ ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. അതേസമയം വ്യാജ സ്വദേശിവത്കരണത്തിലൂടെ ഗ്രീന്‍ കാറ്റഗറിയായി മാറിയ സ്ഥാപനങ്ങള്‍  കൂടുതല്‍ വിദേശികളെ ജോലിക്ക് നിയോഗിക്കുന്നതായും മന്ത്രാലയം കണ്ടെത്തി. ആറ് ലക്ഷത്തോളം വിദേശികള്‍ ജോലി നഷ്ടപ്പെട്ട് സൗദിയില്‍ നിന്ന് മടങ്ങിയെങ്കിലും ഉയര്‍ന്ന തസ്കികയില്‍ നേരത്തെ 10 ശതമാനം വിദേശികളുണ്ടായിരുന്നത് ഇപ്പോള്‍ 40 ശതമാനമായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

click me!