പാസ്പോര്‍ട്ട് തിരുത്തി 15കാരിയെ ദുബായിലെത്തിച്ച് പെണ്‍വാണിഭം; സ്ത്രീയടക്കം മൂന്ന് പേര്‍ ജയിലില്‍

By Web TeamFirst Published Oct 15, 2018, 10:23 AM IST
Highlights

ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസിന്റെ മനുഷ്യക്കടത്ത് പ്രതിരോധ വിഭാഗം റെയ്ഡ് നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. 

ദുബായ്: 15 വയസുള്ള പെണ്‍കുട്ടിയെ ദുബായിലെത്തിച്ച് പെണ്‍വാണിഭം നടത്തിയ മൂന്ന് പേര്‍ക്ക് ദുബായ് കോടതി അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ബാറിലെ നര്‍ത്തകിയായി ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തായിരുന്നു ഇവര്‍ പെണ്‍കുട്ടിയെ കൊണ്ടുവന്നത്. ഇതിനായി കുട്ടിയുടെ പാസ്‍പോര്‍ട്ട് പ്രതികള്‍ തിരുത്തിയതായും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

27 വയസുള്ള സ്ത്രീ ഉള്‍പ്പെടെ കേസില്‍ ശിക്ഷിക്കപ്പെട്ടവരെല്ലാം പാകിസ്ഥാന്‍ പൗരന്മാരാണ്. ഈ സ്ത്രീയാണ് പെണ്‍കുട്ടിയെ ഫോണില്‍ ബന്ധപ്പെട്ട് ബാറില്‍ നര്‍ത്തകിയായി ജോലി നല്‍കാമെന്ന് അറിയിച്ചത്. പെണ്‍കുട്ടി സമ്മതം അറിയിച്ചതോടെ മറ്റ് രണ്ട് പ്രതികള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയി രണ്ടാനച്ഛനുമായി സംസാരിച്ച് സമ്മതിപ്പിച്ചു. പ്രതികള്‍ തന്നെയാണ് യാത്രാരേഖകള്‍ ശരിയാക്കി ഇവരെ ദുബായിലെത്തിച്ചത്. തുടര്‍ന്ന് നായിഫിലെ ഫ്ലാറ്റില്‍ താമസിപ്പിച്ചു. 

ദുബായിലെത്തിയ ശേഷമാണ് താന്‍ നര്‍ത്തകിയായല്ല ജോലി ചെയ്യേണ്ടതെന്നും പെണ്‍വാണിഭ കേന്ദ്രത്തിലേക്കാണ് കൊണ്ടുവന്നതെന്നും പെണ്‍കുട്ടി അറിഞ്ഞത്. ഇതിന് തനിക്ക് സമ്മതമല്ലെന്ന് അറിയിക്കുകയും തന്നെ നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന പ്രതികള്‍ പെണ്‍കുട്ടിയെ ദുബായിലെത്തിച്ചതിന് ചിലവായ 18,000 ദിര്‍ഹം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിക്കില്ലെന്നും കൂടി പറഞ്ഞതോടെ മറ്റ് നിര്‍വാഹമില്ലാതെ അനുസരിക്കേണ്ടി വന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. മൂന്ന് പ്രതികളും ഇവിടേക്ക് ആളുകളെ എത്തിക്കുമായിരുന്നു എന്നും മൊഴിലിയുണ്ട്.

ഫ്ലാറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ദുബായ് പൊലീസിന്റെ മനുഷ്യക്കടത്ത് പ്രതിരോധ വിഭാഗം റെയ്ഡ് നടത്തിയപ്പോഴാണ് പെണ്‍കുട്ടിയെ മോചിപ്പിച്ചത്. ആവശ്യക്കാരനെന്ന വ്യാജന വേഷം മാറി ഇവിടെയെത്തിയ പൊലീസ് ഉദ്ദ്യോഗസ്ഥന്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹം എത്തിയാണ് റെയ്ഡ് നടത്തിയത്. മൂന്ന് പ്രതികളെയും സ്ഥലത്ത് നിന്നുതന്നെ പിടികൂടുകയും ചെയ്തു. 

മൂന്ന് പേര്‍ക്കും നേരത്തെ കീഴ്ക്കോടതി 20,000 ദിര്‍ഹം പിഴയും അഞ്ച് വര്‍ഷം തടവും ശിക്ഷ വിധിച്ചെങ്കിലും ഇതിനെതിരെ അപ്പീല്‍ നല്‍കുകയായിരുന്നു. അപ്പീല്‍ കോടതി പിഴ ഒഴിവാക്കി നല്‍കിയെങ്കിലും ശിക്ഷാ കാലാവധി കുറയ്ക്കാന്‍ തയ്യാറായില്ല. ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താന്‍ അപ്പീല്‍ കോടതിയും ഉത്തരവിട്ടു. ഇവര്‍ക്കൊപ്പം പിടിയിലായ മറ്റൊരു സ്ത്രീക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

click me!