തീർത്ഥാടകർ മക്കയിലെത്തി, ഞായറാഴ്ച ഹജ്ജ് കർമങ്ങൾക്ക് തുടക്കം

By Web TeamFirst Published Jul 17, 2021, 10:48 PM IST
Highlights

മക്കയിലെ പുണ്യ ദേവാലയത്തിലെത്തി ആഗമന പ്രദക്ഷിണം നടത്തിയ ശേഷം തീർഥാടകർ ആചാരപ്രകാരം തങ്ങേണ്ട മിനാ താഴ്‍വരയിലേക്ക് നീങ്ങിതുടങ്ങി.

റിയാദ്: കൊവിഡ് സാഹചര്യത്തിൽ ലക്ഷങ്ങൾക്ക് പകരം സൗദിയിൽ നിന്നുള്ള 60,000 ആഭ്യന്തര തീർഥാടകരെ മാത്രം പങ്കെടുപ്പിച്ച് നടത്തുന്ന ഇത്തവണത്തെ ഹജ്ജ് തീർഥാടനത്തിന് ഞായറാഴ്ച തുടക്കമാകും. പൗരന്മാരും പ്രവാസികളുമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹാജിമാർ ശനിയാഴ്ചയോടെ മക്കയിലെത്തി. 

മക്കയിലെ പുണ്യ ദേവാലയത്തിലെത്തി ആഗമന പ്രദക്ഷിണം നടത്തിയ ശേഷം തീർഥാടകർ ആചാരപ്രകാരം തങ്ങേണ്ട മിനാ താഴ്‍വരയിലേക്ക് നീങ്ങിതുടങ്ങി. ഞായറാഴ്ച രാവിലെ വരെ തീർഥാടകരെ മക്കയിൽ സ്വീകരിക്കും. അതിന് ശേഷം മുഴുവൻ പേരെയും മിനായിൽ എത്തിക്കും. കർശനമായ ആരോഗ്യ മുൻകരുതൽ നടപടികൾ പാലിച്ചാണ് ഓരോ നീക്കവും. 

മക്ക പള്ളിയിൽ നിന്ന് നാല് കിലോ മീറ്റർ അകലെയാണ് മിനാ താഴ്‍വര. ഇവിടെ തീർഥാടകർക്ക് തങ്ങാനുള്ള തമ്പുകളും വലിയ അപ്പാർട്ട്മെന്റുകളുമുണ്ട്. ഞായറാഴ്ച മുതൽ നാല് ദിവസം തീർഥാടകരുടെ താമസം ഇവിടെയാണ്.

ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ മൈതാനിയിലെ സംഗമം തിങ്കളാഴ്ചയാണ്. അന്ന് ഉച്ചക്ക് മുമ്പായി മിനായിൽ നിന്ന് മുഴുവൻ തീർഥാടകരും അറഫയിലെത്തും. സൗദിയിലെ മതപണ്ഡിത സഭാസമിതി അംഗവും മക്ക ഹറമിലെ ഇമാമുമായ ഡോ. ബന്ദർ ബിൻ അബ്‍ദുൽ അസീസ് ബലീല സുപ്രധാന അറഫ പ്രസംഗം നടത്തും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!