സൗദി അറേബ്യയിലെ പ്രവാസികള്‍ ഉള്‍പ്പെടെയുള്ള ഹജ്ജ് തീർത്ഥാടകർ റമദാൻ പത്തിന് മുമ്പ് അപേക്ഷിക്കണം

By Web TeamFirst Published Mar 21, 2023, 12:50 AM IST
Highlights

അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും തുടർന്നും അപേക്ഷ നൽകാം. 

റിയാദ്: ഇക്കൊല്ലം ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികളടക്കമുള്ള ആഭ്യന്തര തീർഥാടകർ റമദാൻ പത്തിന് മുമ്പായി അപേക്ഷ സമർപ്പിക്കണമെന്ന് സൗദി ഹജ്ജ്- ഉംറ മന്ത്രാലയം അറിയിച്ചു. ആദ്യമായി ഹജ്ജ്  നിർവഹിക്കുന്ന തീർഥാടകർക്കുള്ള അപേക്ഷ സമർപ്പണമാണ് റമദാൻ 10 വരെ തുടരുക. 

അഞ്ച് വർഷം മുമ്പ് ഹജ്ജ് നിർവഹിച്ച സ്വദേശി പൗരന്മാർക്കും വിദേശ താമസക്കാർക്കും തുടർന്നും അപേക്ഷ നൽകാം. സൗകര്യങ്ങളുടെ ലഭ്യത അവസാനിക്കുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ് വരെ ഇത് തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി. ആഭ്യന്തര തീർഥാടകർക്കുള്ള അപേക്ഷ, ഹജ്ജ് വെബ്‌സൈറ്റിലെ https://localhaj.haj.gov.sa/ എന്ന ലിങ്ക് മുഖേനയോ ‘നുസുക്’ ആപ് വഴിയോ സമർപ്പിക്കാം.

Read also:  റമദാന് മുന്നോടിയായി മക്കയില്‍ കഅ്ബയെ അണിയിച്ച കിസവയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായി

അതേസമയം റമദാൻ മാസത്തിൽ ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള പെർമിറ്റുകൾ അനുവദിച്ചു തുടങ്ങിയതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. നുസുക്, തവക്കൽന മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ഉംറക്കുള്ള ബുക്കിങ് നടത്തേണ്ടത്. റമദാനിലെ ആദ്യ 20 ദിവസങ്ങളിലേക്കുള്ള ബുക്കിങ് സൗകര്യമാണ് നിലവിൽ ആരംഭിച്ചിരിക്കുന്നത്. അവസാന 10-ലേക്കുള്ള ഉംറ ബുക്കിങ് സൗകര്യം പിന്നീടായിരിക്കും ആരംഭിക്കുക. 

റമദാനിലെ ആദ്യ 20 ദിവസങ്ങളിലെ ‘ടൈം മാപ്പ്’ മന്ത്രാലയം അവലോകനം ചെയ്തു. വിവിധ ദിവസങ്ങളിലെ വ്യത്യസ്ത സമയങ്ങളിലെ തീർഥാടകരുടെ തിരക്ക് ബുക്കിങ് സമയത്ത് ആപ്ലിക്കേഷനിൽ മൂന്ന് കളറുകളിലായി കാണിച്ചിട്ടുണ്ട്. തീരെ കുറഞ്ഞ തിരക്കുള്ള സമയങ്ങൾ കടും പച്ച നിറത്തിലും മീഡിയം തിരക്കുള്ള സമയങ്ങൾ ഓറഞ്ച് കളറിലും കൂടുതൽ തിരക്കുള്ള സമയങ്ങൾ കടും ചുവപ്പ് നിറത്തിലുമാണ് കാണാനാവുക. 

ഉംറ ഉദ്ദേശിക്കുന്നവർ നിർബന്ധമായും പെർമിറ്റ് എടുത്തിരിക്കണം. പെർമിറ്റില്ലാതെ ഉംറ നിർവഹിക്കാൻ ശ്രമിച്ചു പിടിക്കപ്പെട്ടാൽ 10,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഉംറ വിസകളോടൊപ്പം തന്നെ മറ്റു വിസകളിൽ സൗദിയിലെത്തുന്നവർക്കും ഉംറ നിർവഹിക്കാൻ അനുവാദം നൽകിയതിലൂടെ ഈ വർഷത്തെ റമദാനിൽ ഉംറ തീർഥാടകരുടെ എണ്ണം മുൻ വർഷങ്ങളേക്കാൾ വളരെ കൂടുതലായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

click me!