ഹജ്ജിന് തുടക്കം, മുഴുവൻ തീർഥാടകരും മിനാ താഴ്വരയിലെത്തി

Published : Jun 04, 2025, 07:47 PM ISTUpdated : Jun 04, 2025, 07:48 PM IST
ഹജ്ജിന് തുടക്കം, മുഴുവൻ തീർഥാടകരും മിനാ താഴ്വരയിലെത്തി

Synopsis

നാളെ അറഫാ സംഗമം

റിയാദ്: ലോകത്തെ 162 രാജ്യങ്ങളിൽ നിന്നെത്തിയ 19 ലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന് തുടക്കമായി. തീർഥാടകരെല്ലാം മിനയിലെത്തി. ഇനി നാളെ നടക്കുന്ന ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫ സംഗമത്തിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പാണ്. ‘ലബൈക്’ മന്ത്രധ്വനികളുരുവിട്ടും വെള്ള വസ്ത്രങ്ങളണിഞ്ഞും തീർഥാടകർ ഇന്നലെ രാത്രി മുതലേ മിനയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. 

ഇന്ത്യയിൽനിന്നും ഒന്നേകാൽ ലക്ഷവും അതിൽ കേരളത്തിൽനിന്ന് 17,000 പേരുമാണ് ഹജ്ജ് നിർവഹിക്കുന്നത്. ഹജ്ജിന്റെ ആദ്യ ദിനമായ ബുധനാഴ്ച തീർഥാടകർ മിനയിൽ താമസിക്കും. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വരയിലാകെ രണ്ട് ലക്ഷത്തോളം തമ്പുകളാണുള്ളത്. ഇതിലും സമീപത്തെ ആറ് മിനാ റസിഡൻഷ്യൽ ടവറുകളിലും 11 കിദാന ടവറുകളിലും തീർഥാടകർ താമസിക്കും. മിനായിൽ തീർഥാടകർക്ക് പ്രത്യേക കർമങ്ങളൊന്നും തന്നെ ഇല്ല. ഹജ്ജിലെ പരമപ്രധാനമായ അറഫാ സംഗമത്തിന് മനസും ശരീരവും പാകപ്പെടുത്തി ഒരുങ്ങുക മാത്രമാണ് മിനായിൽ ഹാജിമാർക്ക് നിർവഹിക്കാനുള്ളത്. 

അഞ്ചു നേരത്തെ നമസ്കാരങ്ങൾ തമ്പുകളിൽ സമയത്ത് നിർവഹിക്കും. പ്രധാന ചടങ്ങുകൾ പൂർത്തിയാകുന്നതുവരെ നാലു നാൾ തീർഥാടകരുടെ താമസം മിനായിലാണ്. ഹജ്ജിലെ ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്ന ഇടമാണ് ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരം എന്നറിയപ്പെടുന്ന മിനാ താഴ്വാരം. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം വ്യാഴാഴ്ചയാണ്. ബുധനാഴ്ച പ്രാർഥനകളുമായി മിനായിൽ തങ്ങുന്ന ഹാജിമാർ വ്യാഴാഴ്ച ഉച്ചക്ക് മുമ്പായി അറഫ മൈതാനയിലേക്ക് എത്തും. ഹജ്ജിലെ ഏറ്റവും സുപ്രധാനമായ ചടങ്ങ് അറഫയാണ്. അറഫ ലഭിക്കാത്തവർക്ക് ഹജ്ജില്ലെന്നാണ് പ്രവാചക വചനം. 

പ്രവാചകന്റെ പ്രസംഗത്തെ അനുസ്മരിപ്പിക്കുന്ന അറഫാ പ്രഭാഷണം ദുഹർ (ഉച്ച നമസ്കാര) സമയത്താണ് നടക്കുന്നത്. സൗദിയിലെ മുതിർന്ന പണ്ഡിതനും ഹറം ഇമാമുമായ ഡോ. സാലിഹ് ബിൻ ഹുമൈദ് അറഫ പ്രഭാഷണം നിർവഹിക്കും. ഇത്തവണ മലയാളം ഉൾപ്പടെ 34 ലോക ഭാഷകളിൽ പ്രഭാഷണം പരിഭാഷപ്പെടുത്തും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക. ബലിയറുക്കൽ, മൂന്ന് ദിവസത്തെ ജംറയിൽ കല്ലേറ് കർമം, മക്ക മസ്ജിദുൽ ഹറാമിലെത്തി പ്രദക്ഷിണം എന്നിവയാണ് ബാക്കി കർമങ്ങൾ. ഇതെല്ലാം പൂർത്തിയാകുന്നതോടെ ഈ വർഷത്തെ ഹജ്ജ് അവസാനിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
മലയാളി ജീവകാരുണ്യ പ്രവർത്തകൻ സൗദി അറേബ്യയിൽ മരിച്ചു