ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു, ജംറയിൽ കല്ലേറ് കർമം നടന്നു

By Web TeamFirst Published Jul 20, 2021, 8:00 PM IST
Highlights

അറഫ സമ്മേളനത്തെ തുടർന്ന് മുസ്ദലിഫയിൽ രാത്രി തങ്ങിയ ശേഷമാണ് ചൊവ്വാഴ്ച അതിരാവിലെ മുഴുവൻ തീർഥാടകരും മിനായിലേക്ക് തിരിച്ചെത്തിയത്. ഏഴു കല്ലുകൾ എറിഞ്ഞാണ് തീർഥാടകർ പൈശാചികതയെ പ്രതീകാത്മകമായി തുരത്തുന്ന കർമം അനുഷ്‍ഠിക്കുന്നത്. 

റിയാദ്: കൊവിഡ് നിയന്ത്രണങ്ങൾക്കുള്ളിൽ ഈ വർഷത്തെ ഹജ്ജ് ചടങ്ങുകൾ പുരോഗമിക്കുന്നു. സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിനെത്തിയ തീർഥാടകരെല്ലാം ഇന്ന് രാവിലെ മിനായിൽ തിരിച്ചെത്തുകയും തുടർന്ന് ജംറയിലെ പ്രതീകാത്മക പിശാചിനെ കല്ലെറിയൽ കർമത്തിലേക്ക് കടക്കുകയും ചെയ്തു. 

അറഫ സമ്മേളനത്തെ തുടർന്ന് മുസ്ദലിഫയിൽ രാത്രി തങ്ങിയ ശേഷമാണ് ചൊവ്വാഴ്ച അതിരാവിലെ മുഴുവൻ തീർഥാടകരും മിനായിലേക്ക് തിരിച്ചെത്തിയത്. ഏഴു കല്ലുകൾ എറിഞ്ഞാണ് തീർഥാടകർ പൈശാചികതയെ പ്രതീകാത്മകമായി തുരത്തുന്ന കർമം അനുഷ്‍ഠിക്കുന്നത്. ഇതിനുശേഷം അറവുമാടുകളെ ബലിയറുക്കൽ കർമത്തിലേക്ക് കടന്നു.

ഇത്തവണ ബലി കര്‍മം ഓൺലൈനിൽ ബുക്ക് ചെയ്‍ത് സർക്കാർ ഏജൻസിയെ കൊണ്ട് ചെയ്യിക്കാനുള്ള സൗകര്യം ഏർപ്പെടുത്തിയിരുന്നു. നിശ്ചിത ഫീസ് അടച്ച് ഡിജിറ്റൽ പ്ലാറ്റ്ഫോം വഴിയാണ് ബലികർമം ബുക്ക് ചെയ്യേണ്ടത്. ഇങ്ങനെ ബുക്ക് ചെയ്യുമ്പോൾ അതിന്റെ കൂപ്പൺ തീർഥാടകർക്ക് ലഭിക്കും. ബലികർമം നടത്തിയതായി മൊബൈൽ വഴി സന്ദേശം ലഭിക്കും. ഇതോടെ ബലി കർമം പൂർത്തിയായി.

അതിന് ശേഷം തീർഥാടകർ തല മുണ്ഡനം ചെയ്തു. ഇതോടെ ഹജ്ജ് പകുതി പൂർത്തിയാകുകയും ഇഹ്റാമിൽ നിന്ന് പുറത്തുകടന്ന് സാധാരണ വസ്ത്രത്തിലേക്ക് മാറാനും കഴിയും. തുടർന്ന് തീർഥാടകർ മക്കയിലെത്തി കഅബയ്‍ക്ക് ചുറ്റും പ്രദക്ഷിണം ചെയ്തു.

ഇനിയുള്ള ദിവസങ്ങളിലും ഈ കർമം തുടരും. ഇനി മൂന്ന് ദിവസം കൂടി മിനായിൽ രാത്രി താമസിക്കും. പകൽ കഅ്ബയിലെത്തി പ്രദക്ഷിണം നടത്തും. 

click me!