സൗദി അറേബ്യയെ 'പച്ചപിടിപ്പി'ക്കാന്‍ അരക്കോടി വൃക്ഷത്തൈകള്‍

By Web TeamFirst Published Oct 23, 2019, 5:34 PM IST
Highlights

രാജ്യത്ത് വനനശീകരണവും മരുഭൂവത്കരണവും തടയുക, വന്യജീവി ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനത്തെ നേരിടുക എന്നിവയാണ് പദ്ധതിക്ക് പിന്നിലെ ലക്ഷ്യങ്ങള്‍.

റിയാദ്: സൗദി അറേബ്യയെ പച്ചപിടിപ്പിക്കാന്‍ അരക്കോടി വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കാന്‍ പദ്ധതി. പരിസ്ഥിതി മന്ത്രാലയവും സുമദ്രജല ശുദ്ധീകരണ കോര്‍പ്പറേഷനും ചേര്‍ന്നാണ് വിപ്ലവകരമായ ഈ പദ്ധതി നടപ്പാക്കുന്നത്. ഹരിതവത്കരണത്തിന് ആവശ്യമായ ജലസേചനത്തിന് മലിന ജലം ശുദ്ധീകരിച്ച് ഉപയോഗിക്കും. പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രാലയവും കോര്‍പ്പറേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.

2030-ഓടെ 50 ലക്ഷം മരങ്ങള്‍ രാജ്യത്താകമാനം വെച്ചുപിടിപ്പിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് വനനശീകരണവും മരുഭൂവത്കരണവും തടയുക, വന്യജീവി ആവാസകേന്ദ്രങ്ങള്‍ സംരക്ഷിക്കുക, കാലാവസ്ഥ വ്യതിയാനത്തെ നേരിടുക തുടങ്ങിയ ലക്ഷ്യങ്ങളാണ് ഹരിതവത്കരണത്തിലൂടെ സാധ്യമാക്കാമെന്ന് കരുതുന്നത്. മലിനജലം ശുദ്ധീകരിക്കുന്ന ഇടങ്ങളിലെല്ലാം നേരത്തെ തന്നെ ചെറുവനവത്കരണ പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. അത് വിപുലവും വ്യാപകവുമാക്കും. മനുഷ്യനിര്‍മിത കാടുകളും ഉദ്യാനങ്ങളും പ്രോത്സാഹിപ്പിക്കും.

നിലവില്‍ അത്തരത്തില്‍ നിരവധി സംരംഭങ്ങള്‍ നടപ്പായിട്ടുണ്ട്. സ്കൂള്‍ മുറ്റങ്ങളിലും പാര്‍ക്കുകളിലും മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കും. പരിസ്ഥിതി, കാര്‍ഷിക, ജല വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. ഉസാമ ബിന്‍ ഇബ്രാഹിം, സമുദ്രജല ശുദ്ധീകരണ കോര്‍പ്പറേഷന്‍ പ്രതിനിധി എന്‍ജി അലി ബിന്‍ അബ്ദുറഹ്മാന്‍ അല്‍ഖാസിമി എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

click me!