
കോഴിക്കോട്: ഗൾഫ് യാത്രക്കാർക്ക് അമിത വിമാന നിരക്കിൽ നിന്ന് രക്ഷനേടാൻ കപ്പൽ സർവ്വീസൊരുക്കാൻ കേരള മാരിടൈം ബോർഡ്. ഗുജറാത്ത്, മഹാരാഷ്ട്ര ആസ്ഥാനമായുള്ള കപ്പൽ കമ്പനികളടക്കം മാരിടൈം ബോർഡിനെ താത്പര്യം അറിയിച്ചതോടെ തുടർനടപടികളും വേഗത്തിലായി. 1200 യാത്രക്കാരും കാർഗോ സൗകര്യവുമായി പതിനായിരം രൂപ നിരക്കിലാണ് മൂന്ന് ദിവസത്തെ യാത്ര സർവ്വീസ്.
ഉത്സവ സീസണുകളിൽ അരലക്ഷവും, മുക്കാൽ ലക്ഷവും കടക്കുന്ന വിമാന നിരക്ക്. പണം നൽകിയാലും ടിക്കറ്റ് കിട്ടാത്ത അവസ്ഥ. ഗൾഫ് മേഖലയിലെ ഇടത്തരം ജോലിക്കാർക്ക് ആഘോഷ ദിവസങ്ങളിൽ നാട്ടിലെത്തുക സ്വപ്നം മാത്രമാകുന്നതും പതിവാണ്. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതും മറ്റൊരു പ്രതിസന്ധിയായി. ഇതിൽ പരിഹാരം വേണമെന്ന ലക്ഷ്യത്തിലാണ് മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ നേതൃത്വത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സമീപിച്ചത്. സാധ്യത മനസ്സിലാക്കിയ കേരള മാരിടൈം ബോർഡ് തുടർനടപടികൾ വേഗത്തിലാക്കുകയാണ്.
സർവ്വീസ് നടത്താൻ തയ്യാറായി ഗുജറാത്ത് മാരിടൈം ബോർഡ് വഴി മാത്രം നാല് കപ്പൽ കമ്പനികളെത്തി. സംസ്ഥാനത്തും, ബോംബെ ആസ്ഥാനമായവയും ഉൾപ്പെടെ നിരവധി കമ്പനികൾ മാരിടൈം ബോർഡിനെ സമീപിച്ചു. ഏപ്രിൽ 22 വരെയാണ് താത്പര്യംപത്രം നൽകാനുള്ള സമയ പരിധി. മൂന്ന് മുതൽ നാല് ദിവസം വരെയാണ് യാത്ര സമയം. പരമാവധി പതിനായിരം രൂപയിൽ ടിക്കറ്റ് ഉറപ്പാക്കാനായാൽ കുടുംബങ്ങൾക്കും ആശ്വാസമാകും. കാർഗോ സർവ്വീസിന്‍റെ സാധ്യത വികസന മേഖലയിലും വലിയ മാറ്റങ്ങൾക്ക് വഴി വയ്ക്കും. തുടർയോഗങ്ങളും സമയബന്ധിതമായി പൂർത്തിയാക്കാനായാൽ അടുത്ത ഉത്സവ സീസണോടെ സർവ്വീസ് തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ