ഒമാനിലെത്തുന്നവര്‍ക്ക് കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധം

By Web TeamFirst Published Sep 24, 2020, 10:20 PM IST
Highlights

ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും താരാസുഡ് പ്ലസ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

മസ്‌കറ്റ്: ഒമാനിലെത്തുന്നവര്‍ക്ക് 30 ദിവസത്തെ കൊവിഡ് ചികിത്സയ്ക്കുള്ള ഇന്‍ഷുറന്‍സ് നിര്‍ബന്ധം. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ഒമാന്‍ സുപ്രിം കമ്മറ്റി. ഇന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഈ നിബന്ധനകള്‍ സുപ്രിം കമ്മറ്റി അറിയിച്ചത്. ഒമാനില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ വിമാനത്താവളങ്ങള്‍ തുറന്നു  പ്രവര്‍ത്തിക്കുന്നതിന് മുന്നോടിയായിട്ടാണ് സുപ്രിം കമ്മറ്റിയുടെ പുതിയ നിര്‍ദ്ദേശം.

ചുരുങ്ങിയത് ഒരു മാസം വരെ കൊവിഡ് ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയുന്ന ആരോഗ്യ ഇന്‍ഷുറന്‍സ് എല്ലാ യാത്രക്കാര്‍ക്കും ഉണ്ടായിരിക്കണം. രാജ്യത്ത് പ്രവേശിക്കുന്ന എല്ലാവരും താരാസുഡ് പ്ലസ് അപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. മസ്‌കറ്റ് അന്താരാഷ്ട്ര  വിമാനത്തവാളത്തില്‍ എത്തുന്ന യാത്രക്കാര്‍  പിസിആര്‍ പരിശോധനക്ക് വിധേയമാകണം. ഇരുപത്തിയഞ്ച് ഒമാനി റിയാല്‍ ആണ് പരിശോധനാ ഫീസ് നല്‍കേണ്ടത്.

കൂടാതെ 14 ദിവസത്തെ ക്വാറന്റീനില്‍ സ്വയം പ്രവേശിക്കുകയും വേണം. പതിനഞ്ചു വയസ്സും അതിനു താഴെയുള്ളവരെയും വിമാന ജീവനക്കാരെയും ഈ നിബന്ധനകളില്‍ നിന്നും  ഒഴിവാക്കിയിട്ടുണ്ട്. സാധുവായ സ്ഥിര താമസ വിസയുള്ളവര്‍ക്ക് മാത്രമാണ് നിലവില്‍ ഒമാനിലേക്ക് മടങ്ങുവാന്‍ സാധിക്കു. മറ്റ് വിസക്കാര്‍ക്ക് മടങ്ങിവരാനുള്ള സാധ്യത പിന്നീട് പരിശോധിക്കും. അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിലവില്‍ മസ്‌കറ്റ് വിമാനത്താവളത്തില്‍ നിന്ന് മാത്രമാണ് ആരംഭിക്കുക. 

click me!