സൗദിയിലേക്ക് അതിർത്തികൾ വഴി നുഴഞ്ഞുകടക്കുന്നവർക്ക് ജോലി നൽകിയാൽ ജയിലും പിഴയും ശിക്ഷ

By Web TeamFirst Published Sep 17, 2021, 6:26 PM IST
Highlights

നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും ഇവർക്ക് താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടാനും നേരത്തെ തന്നെ തീരുമാനമുണ്ട്. 

റിയാദ്: അതിർത്തികൾ വഴി സൗദി അറേബ്യയിലേക്ക് നുഴഞ്ഞു കടക്കുന്ന വിദേശ നിയമലംഘകർക്ക് ജോലികൊടുക്കുന്നവർക്ക് വൻതുക പിഴയും ദീർഘകാലത്തെ ജയിൽ ശിക്ഷയും. അഞ്ചു മുതൽ 15 വർഷം വരെയാണ് തടവ് ശിക്ഷ. 10 ലക്ഷം റിയാൽ വരെ പിഴയും ഉണ്ടാവും. 

അതിർത്തികൾ വഴി സൗദിയിലേക്ക് നുഴഞ്ഞുകയറാൻ വിദേശികളെ സഹായിക്കുന്നവർക്കും രാജ്യത്തിനകത്ത് നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യവും താമസവും നൽകുന്നവർക്കും മറ്റു സേവനങ്ങളും സഹായങ്ങളും ചെയ്തുകൊടുക്കുന്നവർക്കും മേൽപറഞ്ഞ ശിക്ഷ നൽകാൻ അനുശാസിക്കുന്ന രാജകൽപന അടുത്ത കാലത്ത് പുറപ്പെടുവിച്ചിരുന്നു. നുഴഞ്ഞുകയറ്റക്കാരെ ജോലിക്കു വെക്കുന്നവർക്കും ഇതേ ശിക്ഷകൾ ബാധകമാക്കാനാണ് പുതിയ തീരുമാനം. ആഭ്യന്തര മന്ത്രി സമർപ്പിച്ച നിർദേശത്തിന്റെ ഭാഗമായാണ് ഇക്കാര്യത്തിൽ തീരുമാനമായത്. 

നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന വാഹനങ്ങളും ഇവർക്ക് താമസ സൗകര്യം നൽകാൻ ഉപയോഗിക്കുന്ന പാർപ്പിടങ്ങളും കണ്ടുകെട്ടാനും നേരത്തെ തന്നെ തീരുമാനമുണ്ട്. ഈ വാഹനങ്ങളും പാർപ്പിടങ്ങളും മറ്റുള്ളവരുടെ ഉടമസ്ഥതയിലുള്ളതാണെങ്കിൽ ഇവ കണ്ടുകെട്ടുന്നതിനു പകരം നുഴഞ്ഞുകയറ്റക്കാർക്ക് സഹായ സൗകര്യങ്ങൾ നൽകുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴ ചുമത്തും.

കുറ്റക്കാരുടെ പേരുവിവരങ്ങളും ഇവർ നടത്തിയ നിയമ ലംഘനവും ഇതിനുള്ള ശിക്ഷയും നിയമ ലംഘകരുടെ ചെലവിൽ ഒന്നോ അതിലധികമോ പത്രങ്ങളിൽ പരസ്യം ചെയ്യാനും ഇതുമായി ബന്ധപ്പെട്ട് ഏഴു മാസം മുമ്പ് പുറപ്പെടുവിച്ച രാജകൽപന അനുശാസിക്കുന്നുണ്ട്. നുഴഞ്ഞുകയറ്റക്കാർക്ക് യാത്രാ സൗകര്യം നൽകുന്നവർ സദുദ്ദേശ്യത്തോടെയാണ് അങ്ങനെ ചെയ്യുന്നതെങ്കിലും അശ്രദ്ധയാണ് നിയമ ലംഘനം നടത്താൻ ഇടയാക്കിയതെന്ന് കോടതിക്ക് ബോധ്യപ്പെട്ടാൽ ശിക്ഷകളിൽ ഇളവുണ്ടാകും. സാഹചര്യങ്ങൾക്കനുസൃതമായി നിയമ ലംഘകർക്ക് അഞ്ചു ലക്ഷം റിയാൽ വരെയാണ് ഇത്തരം സന്ദർഭങ്ങളിൽ പിഴ ചുമത്തുക.

click me!