
അബുദാബി: ഗതാഗത നിയമ ലംഘനങ്ങൾക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി അബുദാബി പൊലീസ്. സ്കൂൾ ബസുകളിലെ സ്റ്റോപ്പ് ചിഹ്നങ്ങൾ അവഗണിക്കുന്ന ഡ്രൈവർമാർക്ക് 1000 ദിർഹം പിഴയും 10 ബ്ലാക്ക് പോയിന്റുകളും ചുമത്തുമെന്ന് പൊലീസ് അറിയിച്ചു. സീബ്ര ക്രോസിങ്ങുകളിൽ കാൽനടയാത്രക്കാര്‍ക്ക് മുൻഗണന നൽകിയില്ലെങ്കിൽ 500 ദിര്‍ഹമാണ് പിഴ.
സ്കൂൾ ബസുകൾ വിദ്യാര്‍ഥികളെ ഇറക്കുന്നതിന് സ്റ്റോപ്പ് സിഗ്നൽ കാണിക്കുമ്പോൾ മാറ്റ് വാഹനങ്ങൾ സ്കൂൾ ബസിനെ മറികടക്കരുതെന്നാണ് യുഎഇയിലെ നിയമം. വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ഈ നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് പൊലീസിൻറെ മുന്നറിയിപ്പ്. നിലവില്‍ ഏഴ് ശതമാനം ഡ്രൈവർമാർ മാത്രമാണ് ഇത്തരം നിയമലംഘനം നടത്തുന്നത്.
മറ്റു വാഹനങ്ങൾ സ്കൂൾ ബസുമായി കുറഞ്ഞത് അഞ്ചു മീറ്റർ അകലം പാലിക്കണം. ഒറ്റ ലേന്‍ മാത്രമുള്ള റോഡുകളില്‍ സ്‍കൂള്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ രണ്ട് ദിശയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ അഞ്ച് മീറ്റര്‍ അകലം പാലിച്ച് നിര്‍ത്തണം. രണ്ട് ലേനുകളോ അതില്‍ കൂടുതലോ ഉള്ള റോഡുകളില്‍ സ്‍കൂള്‍ ബസുകള്‍ നിര്‍ത്തുമ്പോള്‍ അതേ ദിശയില്‍ വരുന്ന വാഹനങ്ങളാണ് അഞ്ച് മീറ്റര്‍ അകലം പാലിച്ച് നിര്‍ത്തേണ്ടത്. നിയമ ലംഘകരെ കണ്ടെത്തുന്നതിനായി എമിറേറ്റിലെ സ്കൂൾ ബസ്സുകളിൽ റഡാറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും അധികൃതർ ഓര്‍മിപ്പിച്ചു.
സീബ്ര ലൈനുകളിൽ കാൽനടയാത്രക്കാര്‍ റോഡ് പൂര്‍ണമായി മറികടന്നതിന് ശേഷം മാത്രമേ വാഹനങ്ങൾ മുന്നോട്ട് പോകാവൂ. സീബ്ര ക്രോസിങ്ങുകളിൽ ഡ്രൈവര്‍മാര്‍ ശ്രദ്ധാപൂര്‍വം വണ്ടിയോടിക്കണം. സീബ്ര ക്രോസിങ്ങുകളിൽ വാഹനം നിര്‍ത്താതെ പോകുന്നവരെ കണ്ടെത്താൻ ആധുനിക റഡാര്‍ ക്യാമറകൾ സ്ഥാപിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം കാല്‍നടയാത്രക്കാര്‍ അലസമായി നടക്കാതെ വേഗത്തിൽ സീബ്ര ക്രോസിങ്ങുകളിലൂടെ മാത്രം റോഡ് മുറിച്ച് കടക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ