സൗദിയിൽ പരക്കെ കനത്ത മഴയും മലവെള്ളപ്പാച്ചിലും; ത്വാഇഫിൽ വ്യാപക നാശനഷ്ടം, വിവിധ മേഖലകളിൽ റെഡ് അലർട്ട്

Published : Aug 28, 2026, 11:12 AM IST
heavy rain in saudi

Synopsis

സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ത്വാഇഫിൽ, കനത്ത മഴയും പ്രളയവും വൻ നാശനഷ്ടമുണ്ടാക്കി. പ്രതികൂല കാലാവസ്ഥ തുടരുന്നതിനാൽ മക്ക, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിൽ ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു.

റിയാദ്: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ പ്രതികൂല കാലാവസ്ഥയും ശക്തമായ ഇടിമിന്നലോട് കൂടിയ കനത്ത മഴയും തുടരുന്ന സാഹചര്യത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം കടുപ്പിച്ചു. പടിഞ്ഞാറൻ മേഖലയായ ത്വാഇഫിൽ കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനവാസ മേഖലകളിലൂടെ ഉൾപ്പെടെ വൻതോതിൽ പ്രളയജലം കുതിച്ചൊഴുകിയതോടെ ത്വാഇഫിലെ പ്രധാന റോഡുകളും ഇടവഴികളും പൂർണമായി വെള്ളത്തിനടിയിലായി. താഴ്‌വരകളിൽ രൂപപ്പെട്ട ശക്തമായ മലവെള്ളപ്പാച്ചിലിൽ പാതയോരങ്ങളിൽ നിർത്തിയിട്ടിരുന്നതും സഞ്ചരിച്ചിരുന്നതുമായ നിരവധി വാഹനങ്ങൾ ഒലിച്ചുപോയിട്ടുണ്ട്.

പ്രളയസമാനമായ അന്തരീക്ഷവും വ്യാപക നാശനഷ്ടങ്ങളും വ്യക്തമാക്കുന്ന ദൃശ്യങ്ങൾ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നു. അതിനിടെ, പ്രവിശ്യകളിൽ മഴ മുന്നറിയിപ്പ് ശക്തമാക്കി മക്ക, അൽ ബാഹ, അസീർ തുടങ്ങിയ മേഖലകളിലും ത്വാഇഫ് ഗവർണറേറ്റിന്റെ വിവിധ ഭാഗങ്ങളിലും ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ വിവരം. മേഖലയിൽ പ്രതികൂല കാലാവസ്ഥ തുടരുമെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ പൗരന്മാരും രാജ്യത്തുള്ള വിദേശികളും അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

സാഹചര്യം കണക്കിലെടുത്ത് അടിയന്തര സുരക്ഷാ മുന്നറിയിപ്പുമായി സിവിൽ ഡിഫൻസും രംഗത്തെത്തിയിട്ടുണ്ട്. കനാലുകൾ, തോടുകൾ, അരുവികൾ, താഴ്‌വരകൾ, വെള്ളക്കെട്ടുകൾ രൂപപ്പെടാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്ന് പൊതുജനങ്ങൾ പൂർണമായും അകന്നുനിൽക്കണമെന്ന് സിവിൽ ഡിഫൻസും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും കർശന നിർദേശം നൽകി. അപകടസാധ്യതയുള്ള മേഖലകളിലേക്ക് ഇറങ്ങരുതെന്നും നിർദേശങ്ങളോട് പൂർണമായി സഹകരിക്കണമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നൽകുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദിയിലെ സാമൂഹികപ്രവർത്തകനായ മലയാളി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു
വ്യാപാര തർക്കം പുതിയ തലത്തിലേക്ക്, കാനഡയുമായി അതിർത്തി പങ്കിടുന്ന തടാകത്തിന്റെ പേരുമാറ്റി ട്രംപ്