
റിയാദ്: സൗദി അറേബ്യയിൽ ശൈത്യകാലത്തിന് തുടക്കമായി. കാലാവസ്ഥ മാറ്റത്തിന്റെ സൂചന നൽകി രാജ്യവ്യാപകമായി മഴ പെയ്യുന്നു. ചൊവ്വാഴ്ചയോടെ മഴ ശക്തിപ്പെട്ടു. ബുധനാഴ്ച തണുപ്പ് ശക്തമായേക്കുന്ന് കലാവസ്ഥ പ്രവചനമുണ്ട്. മഴ മൂലം പല സ്ഥലങ്ങളിലും ചെറിയ രീതിയിൽ വെള്ളപ്പൊക്കമുണ്ടായിട്ടുണ്ട്. എന്നാൽ അപായ സൂചനകളൊന്നുമില്ല.
തിങ്കളാഴ്ച രാജ്യത്തിന്റെ ഏതാണ്ടെല്ലായിടങ്ങളിലും പരക്കെ മഴ പെയ്തു. വടക്കൻ അതിർത്തിയിലെ തബൂക്ക് പട്ടണത്തിലുൾപ്പെടെ ഞായറാഴ്ച ആരംഭിച്ച മഴയ്ക്ക് ചൊവ്വാഴ്ചയും ശമനമായിട്ടില്ല. റിയാദ് നഗരത്തിന്റെറ വടക്ക് കിഴക്ക് ഭാഗമായ അൽയാസ്മിൻ മേഖലയിൽ തിങ്കളാഴ്ച മലവെള്ളപ്പാച്ചിലുണ്ടായത് മൂലം കിങ് അബ്ദുൽ അസീസ് റോഡും കിങ് സൽമാൻ റോഡും സന്ധിക്കുന്നിടത്ത് അൽപനേരം ഗതാഗത തടസ്സമുണ്ടായി. പിന്നീട് പൂർവസ്ഥിതിയിലായി. രാജ്യം പതിയെ ശൈത്യത്തിന്റെ പിടിയിലാകുന്ന സൂചനയാണ് വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിക്കുന്നത്.
ചൊവ്വാഴ്ച താപനില ശരാശരി 20 ഡിഗ്രി സെന്റിഗ്രേഡിൽ താഴെയായി. ചിലയിടങ്ങളിൽ 18ന് താഴെയാണ് താപനില. വരും ദിവസങ്ങളിൽ താപനില ഇനിയും താഴുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബുധനാഴ്ച 16 ഡിഗ്രിയും വ്യാഴാഴ്ച 17 ഡിഗ്രിയും വെള്ളിയാഴ്ച 18 ഡിഗ്രിയും ശനിയാഴ്ച 20ഡിഗ്രിയുമായിരിക്കും താലനിലയെന്ന് കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. റിയാദ് അടക്കം വിവിധ നഗരങ്ങളിൽ പ്രധാന നിരത്തുകളിൽ ചെറിയ മഴയിൽ പോലും വെള്ളം കയറുന്ന അവസ്ഥയുണ്ട്. വാഹനമോടിക്കുന്നവർ ജാഗ്രതപാലിക്കണം. ഇടിയും മിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. ഈ മാസം അവസാനത്തോടെ കൊടും ശൈത്യത്തിന്റെ പിടിയിലാവും രാജ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam