ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക 2019ല്‍ റാങ്കിങ് ഇടിഞ്ഞ് ഇന്ത്യ

By Web TeamFirst Published Oct 11, 2019, 4:48 PM IST
Highlights
  • ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റ പാസ്പോര്‍ട്ട് സൂചികയില്‍ റാങ്കിങ് ഇടിഞ്ഞ് ഇന്ത്യ
  • ഇന്ത്യന്‍ പാസ്പോര്‍ട്ട് ഒരു റാങ്ക് ഇടിഞ്ഞ് 82ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു
  • അയല്‍ രാജ്യങ്ങളായ പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും ബംഗ്ലാദേശും ഇന്ത്യക്ക് പിന്നില്‍
  •  

ദില്ലി: ഹെന്‍ലി ആന്‍ഡ് പാര്‍ട്ണേഴ്സിന്‍റ 2019ലെ പാസ്പോര്‍ട്ട് സൂചികയില്‍ ഒരു സ്ഥാനം ഇടിഞ്ഞ് ഇന്ത്യ. 2018ല്‍ 81ാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ പാസ്പോര്‍ട്ട് 82ാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.  ആഗോള പാസ്പോര്‍ട്ട് സൂചിക സംബന്ധിക്കുന്ന ഒക്ടോബര്‍ ഒന്നിനിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

മുന്‍കൂര്‍ വിസ അപേക്ഷയില്ലാതെ ഒരു രാജ്യത്തിന്റെ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എത്ര രാജ്യങ്ങളിലേക്ക് പ്രവേശിക്കാമെന്നതിനെ അടിസ്ഥാനമാക്കിയും മറ്റുമാണ് വര്‍ഷാ വര്‍ഷവും ഹെന്‍ലി പാസ്പോര്‍ട്ട് സൂചിക തയ്യാറാക്കുന്നത്. ലോക രാജ്യങ്ങളുടെ പാസ്പോര്‍ട്ടുകളെല്ലാം ഹെന്‍ലി പരിശോധിക്കും. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍റെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റാങ്കിങ് നടക്കുന്നത്.

ഇന്ത്യയുടെ റാങ്കിങ് പലപ്പോഴും മാറി വരുന്ന സാഹചര്യമായിരുന്നു. 2015ല്‍ 76ാം റാങ്കിങ്ങില്‍ നിന്ന് 2014ല്‍ എത്തുമ്പോള്‍ 88ാസ്ഥാനത്തേക്ക് റാങ്കിങ് താഴ്ന്നു. തുടര്‍ന്ന് 2018ല്‍ അത് 81ആയി മെച്ചെപ്പെടുത്തിയപ്പോള്‍ 2019ല്‍ റിപ്പോര്‍ട്ടില്‍ ഇപ്പോള്‍ ഒരു റാങ്ക് വീണ്ടും കുറഞ്ഞു.

മുന്‍കൂര്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് പ്രവേശിക്കാവുന്ന സ്ഥലങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല. 2014ലെ ഇന്ത്യയുടെ സ്‌കോര്‍ 52 ആയിരുന്നപ്പോള്‍ 2019ല്‍ ഇത് 59 ആയി ഉയര്‍ന്നു. എന്നിട്ടും റാങ്കിങ്ങില്‍ വ്യത്യാസമുണ്ടായില്ല. മറ്റ് രാജ്യങ്ങളും മാനദണ്ഡ പ്രകാരമുള്ള നേട്ടം കൈവരിക്കുന്നതാണ് ഇതിന് കാരണം.

അയല്‍ രാജ്യങ്ങളെല്ലാം സൂചികയില്‍ ഇന്ത്യക്ക് പിന്നിലാണ്. ശ്രീലങ്ക-96, ബംഗ്ലാദേശ്- 99, നേപ്പാള്‍-101, പാകിസ്ഥാന്‍- 104 എന്നിങ്ങനെയാണ് സ്ഥാനങ്ങള്‍.

click me!