
കുവൈത്ത് സിറ്റി: നിരവധി വീടുകളില്‍ നിന്ന് 60 കോടിയോളം രൂപ വിലവരുന്ന സാധനങ്ങള്‍ മോഷ്‍ടിച്ച ഹൈടെക് കള്ളന്‍ പിടിയിലായി. വിലകൂടിയ ബ്രാന്‍ഡഡ് വാച്ചുകള്‍, ഹാന്റ് ബാഗുകള്‍, ആഭരണങ്ങള്‍ തുടങ്ങിയവയാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്. ദായിയ, ഖുര്‍തുബ, ഖാദ്സിയ, ഫൈഹ എന്നിവടങ്ങളിലെ വീടുകളിലായിരുന്നു മോഷണം.
പിടിയിലാവുന്നതിന് രണ്ട് ദിവസം മുമ്പ് ഒരു ബിസിനസുകാരന്റെ 1,80,000 ദിനാര്‍ മോഷ്‍ടിച്ചതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ആഡംബര വാച്ച് വില്‍ക്കുന്നതിനായി ഒരു കടയില്‍ പോയിരുന്നുവെന്നും കടയുടമ അതിന് 30,000 ദിനാര്‍ വിലയിട്ടതായും ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. പിടിക്കപ്പെടുമെന്ന് സംശയം തോന്നിയതിനാല്‍ അവസാന നിമിഷം അതില്‍ നിന്ന് പിന്മാറി.
മോഷ്‍ടിച്ച ഹാന്റ് ബാഗുകളും മറ്റ് വിലയേറിയ വസ്‍തുക്കളും സ്ത്രീ സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നല്‍കി. ഒരു സ്ത്രീ സുഹൃത്തിന്റെ ജോലിക്കാരിക്കും വിലയേറിയ ഒരു വാച്ച് സമ്മാനിച്ചു. 50 കൊല്ലം കുവൈത്തില്‍ ജോലി ചെയ്‍താലും ഇതുപോലൊന്ന് സമ്പാദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു ഇത് സമ്മാനിച്ചത്. മോഷണ വസ്‍തുക്കളില്‍ ചിലത് ഒരു വീട്ടില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
മോഷ്‍ടിച്ച കാറുകളും ഫോണുകളും തിരിച്ചറിയല്‍ രേഖകളുമെല്ലാം ഉപയോഗിച്ച് അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഓരോ മോഷണവും നടത്തിയത്. വിവിധയിടങ്ങളിലെ വീടുകളില്‍ മോഷണം നടത്തിയ ആളുകള്‍ക്ക് വേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam