
സിഡ്നി: ഓസ്ട്രേലിയയില്‍ 'ബീഫ് ചേര്‍ത്ത' കറന്‍സി നോട്ടുകള്‍ പുറത്തിറക്കരുതെന്ന ആവശ്യവുമായി ഹിന്ദു സംഘടന രംഗത്ത്. കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തിന് മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ഇത്തരമൊരു ആവശ്യവുമായി യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം എന്ന സംഘടന രംഗത്തെത്തിയത്.
പുതിയ ഡിസൈനിലുള്ള അഞ്ച്, പത്ത്, അന്‍പത് ഡോളറുകളുടെ നോട്ടുകളാണ് അടുത്തിടെ ഓസ്ട്രേലിയന്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയത്. ഇരുപത്, നൂറ് ഡോളറുകളുടെ നോട്ടുകള്‍ കൂടി ഉടന്‍ പുറത്തിറക്കുമെന്ന് അറിയിച്ചിട്ടുമുണ്ട്. പ്ലാസ്റ്റിക് കറന്‍സി നോട്ടുകളുടെ നിര്‍മ്മാണത്തില്‍ ഘര്‍ഷണം കുറയ്ക്കുന്നതിനുള്ള സ്ലിപ് ഏജന്റായി മൃഗക്കൊഴുപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് വെളിപ്പെടുത്തിയിരുന്നു. ബീഫിന് പുറമെ പന്നി, ആട് തുടങ്ങിയവയുടെ കൊഴുപ്പും ഇത്തരത്തില്‍ ഉപയോഗിക്കുന്നുണ്ട്. നോട്ടിന്റെ ഘടകങ്ങളുടെ ഒരു ശതമാനത്തോളം ഇത്തരം കൊഴുപ്പാണെന്നാണ് റിസര്‍വ് ബാങ്ക് അറിയിച്ചത്.
എന്നാല്‍ റിസര്‍വ് ബാങ്ക് ഹിന്ദുക്കളുടെ വികാരത്തെ മാനിക്കണമെന്നും ബീഫ് ഉപയോഗിക്കാത്ത നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇടപെടണമെന്നുമാണ് യൂണിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദുയിസം പ്രസിഡന്റ് രാജന്‍ സെഡ് ആവശ്യപ്പെടുന്നത്. വിഷയം ഗൗരവത്തിലെടുക്കണം. ബീഫ് ഉപയോഗിച്ച് നിര്‍മിച്ച നോട്ടുകള്‍ പുറത്തിറക്കാനുള്ള തീരുമാനം വിവേകരഹിതമായിരുന്നു. നോട്ടുകള്‍ പുറത്തിറക്കാന്‍ പണവും അധ്വാനവും ചിലവഴിക്കുന്നതിന് മുന്‍പ് ഹിന്ദുക്കളുടെ വികാരങ്ങളെക്കൂടി പരിഗണിക്കണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ പുറത്തിറക്കാന്‍ തീരുമാനിച്ചപ്പോഴും അതില്‍ മൃഗക്കൊഴുപ്പ് ചേര്‍ക്കുമെന്ന് ആരോപിച്ച് മത സംഘടനകളും സസ്യാഹാരം മാത്രം കഴിക്കുന്നവരുടെ സംഘടനകളും രംഗത്തെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam