ദുബൈയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം നാളെ തുറക്കും

By Web TeamFirst Published Oct 3, 2022, 10:20 PM IST
Highlights

വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബായിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

ദുബൈ: ദുബൈയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നാളെ ഭക്തര്‍ക്ക് സമര്‍പ്പിക്കും. ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ക്കും ഗുരുദ്വാരക്കും സമീപത്തായി മൂന്നുവര്‍ഷം കൊണ്ടാണ് ക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തിയായത്. 

സഹിഷ്ണുതയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായിവീണ്ടും ലോകത്തിന് മാതൃകയാവുകയാണ് ദുബൈ. വിവിധ മതങ്ങളുടെ ആരാധനാ കേന്ദ്രങ്ങള്‍ സ്ഥിതി ചെയ്യുന്ന ദുബൈയിലെ ജബല്‍ അലിയില്‍ സിഖ് ഗുരുദ്വാരയുടെയും ക്രിസ്ത്യന്‍ പള്ളികളുടെയും സമീപമാണ് പുതിയ ക്ഷേത്രം ഒരുക്കിയിരിക്കുന്നത്.

നാളെ വൈകിട്ട് യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെയുള്ളവരുടെ സാന്നിധ്യത്തില്‍ ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കപ്പെടും. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പതിനാറ് പ്രതിഷ്ഠകളാണ് ക്ഷേത്രത്തില്‍ ഉളളത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബും പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിലുണ്ട്. ഇതിനുള്ളില്‍ പ്രവേശിക്കാന്‍ ആചാര പ്രകാരം തലയില്‍ തുണി ധരിക്കണമെന്ന നിബന്ധനയുണ്ട്. മറ്റു സ്ഥലങ്ങളില്‍ പ്രത്യേക വേഷ നിബന്ധനകളില്ല. അബൂദബിയില്‍ മറ്റൊരു ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മാണവും പുരോഗമിക്കുന്നുണ്ട്.

Read More:  ജയിൽ മോചിതൻ ആയിട്ടും ഇന്ത്യയിലേക്ക് മടങ്ങണം എന്ന സ്വപ്നം ബാക്കിയാക്കി അറ്റ്‍ലസ് രാമചന്ദ്രന്‍റെ മരണം

ദുബൈ പൊലീസിന് ആദ്യ ഇലക്ട്രിക് കാര്‍

ദുബൈ: ആദ്യ ഇലക്ട്രിക് കാര്‍ സ്വന്തമാക്കി ദുബൈ പൊലീസ്. ദുബൈ പൊലീസിന്റെ ആഡംബര പട്രോള്‍ വാഹനങ്ങളിലേക്കാണ് പുതിയ കാര്‍ കൂടി എത്തുന്നത്. വണ്‍ റോഡ് ഓട്ടോമോട്ടിവ് കമ്പനിയുടെ ഹോങ്ക്വി ഇ എച്ച് എസ് 9 വാഹനമാണ് പൊലീസ് സ്വന്തമാക്കിയത്. പൊലീസ് ഓഫീസേഴ്‌സ് ക്ലബ്ബില്‍ നടന്ന ചടങ്ങിലാണ് പുതിയ കാര്‍ അവതരിപ്പിച്ചത്. ഹോങ്ക്വി കമ്പനിയുടെ ആദ്യ എസ് യു വിയാണിത്. അഞ്ച് സെക്കന്‍ഡ് കൊണ്ട് പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താന്‍ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.

Read More:  ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് പ്രതിദിന സര്‍വീസുമായി വിസ്താര

ആറു മുതല്‍ എട്ടു മണിക്കൂര്‍ കൊണ്ട് ഫുള്‍ ചാര്‍ജാകും. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 440 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. മെഴ്‌സിഡസ്, മസെറാറ്റി, ആസ്റ്റണ്‍ മാര്‍ട്ടിന്‍സ്, കാഡിലാക് എന്നീ ആഡംബര കാറുകളുടെ കൂട്ടത്തിലേക്കാണ് പുതിയ ഇലക്ട്രിക് കാര്‍ എത്തുന്നത്. 

click me!