
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബർ ആശുപത്രിയിൽ അപൂർവ്വമായ ഇടുപ്പ് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഓർത്തോപീഡിക്, ജോയിന്റ് ശസ്ത്രക്രിയാ രംഗത്തെ ദ്രുതഗതിയിലുള്ള പുരോഗതിയും ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തുന്നതിൽ മെഡിക്കൽ സംഘത്തിന്റെ കാര്യക്ഷമതയും തെളിയിച്ചുകൊണ്ട് ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്. 3 ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് 48-കാരന്റെ കൃത്രിമ ഇടുപ്പ് ജോയിന്റ് മാറ്റിവെച്ചത്. ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. ഹാഷെം അൽ-അലിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ഈ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.
ജാബർ ആശുപത്രിയിൽ 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ ശസ്ത്രക്രിയയാണിത്. മുമ്പ് മാറ്റിവെച്ച ഇടുപ്പ് ജോയിന്റിന്റെ പരാജയം, ധാതുക്കൾ അടിഞ്ഞുകൂടിയതുമൂലമുണ്ടായ അനുബന്ധ ബുദ്ധിമുട്ടുകൾ, പെൽവിക് അസ്ഥിയിലുണ്ടായ കടുത്ത ക്ഷയം എന്നിവയാണ് രോഗിയെ സങ്കീർണ്ണമായ അവസ്ഥയിലാക്കിയത്. സിടി സ്കാനുകളും 3ഡി പ്രിന്റിംഗ് സാങ്കേതികവിദ്യയും ഉപയോഗിച്ച് ശസ്ത്രക്രിയയ്ക്ക് മുമ്പ് രോഗിയുടെ ഇടുപ്പ് അസ്ഥിയുടെ കൃത്യമായ മാതൃക ഡോക്ടർമാർ നിർമ്മിക്കുകയായിരുന്നു. ഇത് അസ്ഥിക്ഷയം നടന്ന മേഖലകളെ കൃത്യമായി പഠിക്കാനും അനുയോജ്യമായ സർജിക്കൽ പ്ലാൻ തയ്യാറാക്കാനും സംഘത്തെ സഹായിച്ചു. മുൻകൂട്ടി തയ്യാറാക്കിയ പ്ലാനിംഗിന്റെ അടിസ്ഥാനത്തിൽ, ബോൺ ഗ്രാഫ്റ്റിംഗും ജോയിന്റിന്റെ സ്ഥിരത ഉറപ്പാക്കുന്നതിനും അസ്ഥികൾ തമ്മിലുള്ള സ്വാഭാവിക കൂടിച്ചേരലിനും ആവശ്യമായ നൂതന സാങ്കേതിക മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് മെഡിക്കൽ സംഘം ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam