Latest Videos

ഹിജ്റ പുതുവര്‍ഷാരംഭം; യുഎഇയില്‍ അവധി പ്രഖ്യാപിച്ചു

By Web TeamFirst Published Aug 19, 2019, 5:28 PM IST
Highlights

രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു. ഇതോടെ പൊതുമേഖലയ്ക്ക് ലഭിക്കുന്നതിന് തുല്യമായ അവധി ദിനങ്ങള്‍ സ്വകാര്യ മേഖലയ്ക്കും ലഭ്യമായേക്കും. എന്നാല്‍ സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. 

അബുദാബി: ഇസ്ലാമിക കലണ്ടര്‍ പ്രകാരമുള്ള പുതുവര്‍ഷാരംഭ ദിനമായ മുഹറം ഒന്നാം തീയ്യതി യുഎഇയില്‍ അവധി പ്രഖ്യാപിച്ചു. ഹിജ്റ വര്‍ഷം 1441, മുഹറം ഒന്നിന് രാജ്യത്തെ പൊതുമേഖലയ്ക്കും ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അവധിയായിരിക്കുമെന്നാണ് ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് അറിയിച്ചത്. അവധി അനുവദിച്ചുകൊണ്ടുള്ള അറിയിപ്പ് തിങ്കളാഴ്ച അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിടുകയും ചെയ്തു. 

യുഎഇ മന്ത്രിസഭാ പ്രമേയം 37 പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്ത് പൊതു-സ്വകാര്യ മേഖലകളിലെ അവധി ദിനങ്ങള്‍ നേരത്തെ ഏകീകരിച്ചിരുന്നു. ഇതോടെ പൊതുമേഖലയ്ക്ക് ലഭിക്കുന്നതിന് തുല്യമായ അവധി ദിനങ്ങള്‍ സ്വകാര്യ മേഖലയ്ക്കും ലഭ്യമായേക്കും. എന്നാല്‍ സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകള്‍ ഇതുവരെ ഉണ്ടായിട്ടില്ല. സെ‍പ്‍തംബര്‍ ഒന്നാം തീയ്യതി ഞായറാഴ്ചയായിരിക്കും ഹിജ്റ പുതുവര്‍ഷാരംഭമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെയാണെങ്കില്‍ വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്ത് മൂന്ന് ദിവസത്തെ അവധി ലഭിക്കും. മാസപ്പിറവി ദൃശ്യമായതിന് ശേഷം മാത്രമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍, യുഎഇ സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍ കൂടിയായ വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവര്‍ക്കും യുഎഇയിലെയും മറ്റ് അറബ്-ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യുമണ്‍ റിസോഴ്‍സസ് പുതുവര്‍ഷാശംസകള്‍ അറിയിച്ചു.
 

تقرر أن تكون إجازة للعام 1441 في الحكومة الاتحادية لدولة ، في اليوم الأول من شهر محرم، وبما يوافق ذلك من التاريخ الميلادي pic.twitter.com/YlFA1oo0zJ

— FAHR (@FAHR_UAE)
click me!