
റിയാദ്: മക്ക മേഖലയെ ലക്ഷ്യമാക്കി ഹൂതി ഭീകരർ തൊടുത്തുവിട്ട രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സൗദി വ്യോമസേന ആകാശത്തുവെച്ച് തന്നെ പ്രതിരോധിച്ച് തകർത്തു. തകർക്കപ്പെട്ട മിസൈലുകളുടെ അവശിഷ്ടങ്ങൾ താഴെ വീണ ഇടങ്ങളിൽ സിവിൽ ഡിഫൻസ് സംഘം അടിയന്തര ഇടപെടൽ നടത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചതായും ഔദ്യോഗിക വക്താവ് അറിയിച്ചു. മിസൈൽ അവശിഷ്ടങ്ങളിൽ ചിലത് സബൂഹ ഗ്രാമത്തിലാണ് പതിച്ചത്.
ജനവാസ മേഖലകളെയും സിവിലിയൻ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടുള്ള ഈ ആക്രമണ ശ്രമം അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് വക്താവ് വ്യക്തമാക്കി. ഹൂതി ഭീകരർ പിന്തുടരുന്ന അപകടകരവും ശത്രുതാപരവുമായ സമീപനത്തെയാണ് ഇത് തുറന്നുകാട്ടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം നടന്ന ഉടൻ തന്നെ ബന്ധപ്പെട്ട സുരക്ഷാ-ദുരന്തനിവാരണ വിഭാഗങ്ങൾ സ്ഥലത്തെത്തുകയും, ഇത്തരം സാഹചര്യങ്ങൾ നേരിടുന്നതിനുള്ള അംഗീകൃത നടപടികളും മുൻകരുതലുകളും പൂർണ്ണമായും നടപ്പിലാക്കുകയും ചെയ്തു. പ്രദേശവാസികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും അധികൃതർ സ്വീകരിച്ചിട്ടുണ്ട്.
റിയാദ്: സൗദി അറേബ്യയിലെ മദീന പ്രവിശ്യയിലുള്ള പ്രധാന എണ്ണക്കടത്തു പാതയായ 'ഈസ്റ്റ്-വെസ്റ്റ്' പൈപ്പ്‌ലൈനിനു നേരെ ആക്രമണ ശ്രമം നടന്നതായി സൗദി ഊർജ മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച ഉണ്ടായ ആക്രമണത്തെത്തുടർന്ന് പൈപ്പ്‌ലൈനിൽ ചെറിയ തോതിൽ തീപിടിത്തമുണ്ടായെങ്കിലും അടിയന്തര കർമസേന (എമർജൻസി റെസ്‌പോൺസ് ടീം) ഉടൻ തന്നെ സ്ഥലത്തെത്തി തീയണച്ചു.
ആവശ്യമായ മുൻകരുതലുകൾ ഉടനടി സ്വീകരിച്ചതിനാൽ പൈപ്പ്‌ലൈനിന്റെ ദൈനംദിന പ്രവർത്തനങ്ങളെ ബാധിച്ചിട്ടില്ലെന്നും എണ്ണ വിതരണം തടസ്സമില്ലാതെ സാധാരണ നിലയിൽ തുടരുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സംഭവത്തിൽ ആർക്കും പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ല. സംഭവവിവരം അറിഞ്ഞയുടൻ സാങ്കേതിക വിദഗ്ധരും സുരക്ഷാ സേനയും സ്ഥലത്തെത്തുകയും നിശ്ചിത സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിച്ച് പ്രദേശം പൂർണമായും സുരക്ഷിതമാക്കുകയും ചെയ്തു. രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഉണ്ടായ ഈ ആക്രമണശ്രമത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam