
റാസൽഖൈമ: യുഎഇയിലെ റാസൽഖൈമയില്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം. റാസല്‍ഖൈമയിലെ അല്‍ ഹലില ഇന്‍ഡസ്ട്രിയൽ ഏരിയയിലെ ഒരു ഫാക്ടറിയിലാണ് വലിയ തീപിടിത്തമുണ്ടായത്.
അഞ്ച് മണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീപിടിത്തം അധികൃതര്‍ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. എമര്‍ജന്‍സി ടീമുകളുടെ ദ്രുതഗതിയിലുള്ള ഇടപെടല്‍ മൂലം തീപിടിത്തം സമീപത്തെ വെയര്‍ഹൗസുകളിലേക്കോ മറ്റ് ഇടങ്ങളിലേക്കോ വ്യാപിക്കാതെ തടയാനായതായി റാസല്‍ഖൈമ പൊലീസ് കമാന്‍ഡർ ഇന്‍ ചീഫും ലോക്കല്‍ എമർജൻസി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ ടീം മേധാവിയുമായ മേജര്‍ ജനറല്‍ അലി അബ്ദുള്ള ബിന്‍ അല്‍വാന്‍ അല്‍ നുഐമി പറഞ്ഞു. തീപിടിത്തം റിപ്പോര്‍ട്ട് ചെയ്ത ഉടന്‍ തന്നെ റാസല്‍ഖൈമയിലെ സംയുക്ത എമര്‍ജന്‍സി പ്ലാന്‍ ആക്ടിവേറ്റ് ചെയ്യുകയായിരുന്നു.
സിവില്‍ ഡിഫന്‍സ് സംഘം, മറ്റ് എമിറേറ്റുകളിലെ അഗ്നിശമന യൂണിറ്റുകള്‍ വിദഗ്ധരായ ടെക്നിക്കല്‍ സംഘം എന്നിവര്‍ തീപിടിത്തം നിയന്ത്രണവിധേയമാക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ തുടങ്ങിയിരുന്നു. തീപിടിത്തം നിയന്ത്രണവിധേയമാക്കാനും ശീതീകരണ, ഒഴിപ്പിക്കല്‍ നടപടികള്‍ക്കുമായി 16 പ്രാദേശിക, ഫെഡറല്‍ വിഭാഗങ്ങളാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് സംഭവത്തില്‍ ഫോറന്‍സിക്, ടെക്നിക്കല്‍ ഇന്‍വെസ്റ്റിഗേഷന്‍ സംഘങ്ങള്‍ തെളിവ് ശേഖരണം ഉള്‍പ്പെടെയുള്ള നടപടികള്‍ തുടങ്ങി. തീപിടിത്തത്തിന്‍റെ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam