തുഷാറിന് വീണ്ടും തിരിച്ചടി; കേസ് തീരാതെ യുഎഇ വിടാനാവില്ല

By Web TeamFirst Published Aug 28, 2019, 7:43 PM IST
Highlights

സ്വദേശിയുടെ പാസ്പോർട്ട് സമർപ്പിച്ച് രാജ്യം വിടാനുള്ള തുഷാറിന്‍റെ ശ്രമം പാളി. പവർ ഓഫ് അറ്റോ‌ണി നല്‍കാനുള്ള അപേക്ഷ കോടതി തള്ളി.

ദുബായ്: വണ്ടിചെക്ക് കേസിൽ തുഷാർ വെള്ളാപ്പള്ളിക്ക് വീണ്ടും തിരിച്ചടി. തുഷാറിന്‍റെ യാത്രാ വിലക്ക് മാറില്ല. കേസ് നടത്തി കഴിയാതെ ഇനി തുഷാറിന് തിരിച്ച് വരാൻ സാധിക്കില്ല. മധ്യസ്ഥരുടെ നേതൃത്വത്തില്‍ പരാതിക്കാരനുമായുള്ള ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ ദുബായില്‍ നടക്കുകയാണ്.

വണ്ടിചെക്ക് കേസില്‍ ബിഡിജെഎസ് നേതാവ് തുഷാറിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണിത്. സ്വദേശിയുടെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് സ്വന്തം പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന അപേക്ഷയാണ് കോടതി തള്ളിയത്. ആള്‍ജാമ്യമെടുത്ത് രാജ്യംവിട്ടാല്‍ കേസ് പരിഗണിക്കുമ്പോള്‍ തുഷാര്‍ തിരിച്ചുവരുമോയെന്ന കാര്യത്തിലും കേസിന്‍റെ എല്ലാ ബാധ്യതകളും ഏല്‍ക്കാന്‍ സ്വദേശിക്ക് കെല്‍പ്പുണ്ടോയെന്ന കാര്യവും ബോധ്യപ്പെടാത്ത സാഹചര്യത്തിലാണ് പ്രോസിക്യൂഷന്‍ തുഷാറിന്‍റെ അപേക്ഷ തള്ളിയത്. ഇതോടെ കേസ് തീരാതെ തുഷാറിന് യുഎഇ വിടാനാവില്ല.

കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം വൈകുന്ന സാഹചര്യത്തിലാണ് യുഎഇ പൗരന്‍റെ പാസ്പോര്‍ട്ട് സമര്‍പ്പിച്ച് തുഷാര്‍ യാത്രാവിലക്ക് മറികടക്കാന്‍ ശ്രമിച്ചത്. പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള ആറുകോടി രൂപവേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുന്നതാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണം. രണ്ട് ദിവസം കഴിഞ്ഞ് കോടതി കേസ് വീണ്ടും പരിഗണിക്കും

നാസിൽ ആവശ്യപ്പെടുന്ന ആറ് കോടി രൂപ നൽകാൻ കഴിയില്ലെന്ന ഉറച്ച് നിലപാടിലാണ് തുഷാ‌ർ വെള്ളാപ്പള്ളി. ചെക്ക് കേസില്‍ വ്യാഴാഴ്ചയാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയിലെ അജ്മാനിൽ അറസ്റ്റിലായത്. പത്ത് വര്‍ഷം മുന്‍പുള്ള ചെക്ക് ഇടപാടില്‍ തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയുടെ പരാതിയിലാണ് തുഷാർ അറസ്റ്റിലായത്. അജ്മാന്‍ കോടതിയില്‍ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം കിട്ടിയത്.

click me!