ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകാനെത്തിയ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചു; യുവാവിന് ശിക്ഷ

By Web TeamFirst Published Oct 12, 2019, 4:38 PM IST
Highlights

ഭാര്യയെ ആശുപത്രിയില്‍ കൊണ്ടുപോകുന്നനെത്തിയ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ച യുവാവിന് യുഎഇ കോടതി ശിക്ഷ വിധിച്ചു.

ഫുജൈറ: ആംബുലന്‍സ് ഡ്രൈവറെ ജോലിക്കിടെ ആക്രമിച്ച കേസില്‍ അറബ് പൗരന് ഫുജൈറ കോടതി ഒരു വര്‍ഷം തടവുശിക്ഷ വിധിച്ചു. ആരോഗ്യ പ്രശ്നങ്ങളെതുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്താനാണ് യുവതി ആംബുലന്‍സിന് ഫോണ്‍ ചെയ്തത്. ആംബുലന്‍സ്, പാരാമെ‍ഡിക്കല്‍ ജീവനക്കാര്‍ വീട്ടിലെത്തി യുവതിയെ വാഹനത്തിലേക്ക് മാറ്റി.

വീട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് വാഹനം പുറപ്പെടാനൊരുങ്ങവെയാണ് യുവതിയുടെ ഭര്‍ത്താവ് സ്ഥലത്തെത്തിയത്. ഇയാള്‍ ആംബുലന്‍സ് തടയുകയും തന്റെ ഭാര്യയെ പുറത്തിറക്കണമെന്ന് ഡ്രൈവറോട് ആവശ്യപ്പെടുകയുമായിരുന്നു. ഇത് അംഗീകരിക്കാതിരുന്ന ഡ്രൈവര്‍ ആശുപത്രിയിലേക്ക് പുറപ്പെടാനൊരുങ്ങി. ഇതോടെ രോഷാകുലനായ ഭര്‍ത്താവ് ഡ്രൈവറെ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഭാര്യയെ വലിച്ച് പുറത്തിറക്കി വീട്ടിനുള്ളിലേക്ക് കൊണ്ടുപോവുകയും ചെയ്തു. ആക്രമണത്തിനിരയായ ആംബുലന്‍സ് ഡ്രൈവര്‍ ഫുജൈറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം നടത്തിയ പൊലീസ്, യുവതിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ആംബുലന്‍സ് ഡ്രൈവറുടെ ജോലി തടസപ്പെടുത്തിയതും ആക്രമിച്ചതും ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്കാണ് കോടതി ഒരുവര്‍ഷം ജയില്‍ ശിക്ഷ വിധിച്ചത്. 

click me!