Latest Videos

ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് പിഴ

By Web TeamFirst Published Dec 13, 2022, 11:45 AM IST
Highlights

കുടുംബ വഴക്കിനിടെയായിരുന്നു പരാതിക്ക് ആധാരമായ ഭീഷണിപ്പെടുത്തല്‍ നടന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. ദേഷ്യം പിടിച്ചപ്പോള്‍ 'വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് താഴേക്ക് എറിയുമെന്ന്' ഭര്‍ത്താവ് പറഞ്ഞു.

ദുബൈ: കുടുംബ വഴക്കിനിടെ ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിന് 3000 ദിര്‍ഹം പിഴ. നേരത്തെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി, അപ്പീല്‍ കോടതി ശരിവെയ്‍ക്കുകയായിരുന്നു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയതെന്ന് കേസ് രേഖകള്‍ പറയുന്നു.

കുടുംബ വഴക്കിനിടെയായിരുന്നു പരാതിക്ക് ആധാരമായ ഭീഷണിപ്പെടുത്തല്‍ നടന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. ദേഷ്യം പിടിച്ചപ്പോള്‍ 'വീടിന്റെ ബാല്‍ക്കണിയില്‍ നിന്ന് എടുത്ത് താഴേക്ക് എറിയുമെന്ന്' ഭര്‍ത്താവ് പറഞ്ഞു. കുട്ടികളുടെ മുന്നില്‍ വെച്ചായിരുന്നു ഇതെന്നും ആദ്യമായിട്ടല്ല ഇത്തരത്തില്‍ ഭീഷണി മുഴക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചു. അച്ഛന്‍ നിരന്തരം അമ്മയെ ഭീഷണിപ്പെടുത്തുമായിരുന്നുവെന്ന് ദമ്പതികളുടെ മകന്‍ കോടതിയില്‍ മൊഴി നല്‍കി. ഭാര്യയെ മര്‍ദിക്കാന്‍ തന്റെ സുഹൃത്തിനെ പണം നല്‍കി കൊണ്ടുവരുമെന്നും ഇയാള്‍ പറഞ്ഞിരുന്നതായി മകന്റെ മൊഴിയില്‍ പറയുന്നു.

അതേസമയം വിചാരണയ്ക്കിടെ ആരോപണങ്ങളെല്ലം യുവാവ് നിഷേധിച്ചു. കുടുംബ കലഹത്തിന്റെ പേരില്‍ ഇത്തരം കുറ്റങ്ങള്‍ ചുമത്തുന്നത് ഹീനമാണെന്ന് ഇയാള്‍ വാദിച്ചു. ഭാര്യയെ ബാല്‍ക്കണിയില്‍ നിന്ന് താഴേക്ക് എറിയുമെന്ന് പറഞ്ഞിട്ടില്ലെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസ് വിശദമായി പരിശോധിച്ച ശേഷം യുവാവിനോട് ദാക്ഷിണ്യം കാണിക്കേണ്ടതുണ്ടെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതോടെ മറ്റ് ശിക്ഷകള്‍ ഒഴിവാക്കി 3000 ദിര്‍ഹം പിഴ ചുമത്തുകയായിരുന്നു. അപ്പീല്‍ കോടതിയും ഇത് ശരിവെച്ചു.

Read also: വീഡിയോ വൈറലായി; സൗദി അറേബ്യയില്‍ പൊതുസ്ഥലത്ത് വെടിയുതിര്‍ത്ത യുവാവ് അറസ്റ്റില്‍

click me!