
കുവൈത്ത് സിറ്റി: ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന വ്യാപാര സംഘടനയായ ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐസിസി) സ്ഥാപിതമായിട്ട് 100 വർഷം പൂർത്തിയായതിന്റെ ഭാഗമായി സെപ്റ്റംബർ 18-19 തീയതികളിൽ മുംബൈയിൽ സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് സമിറ്റിൽ ഇന്ത്യൻ ബിസിനസ് ആൻഡ് പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി)കുവൈത്ത് സജീവ പങ്കാളികളായി. സമ്മിറ്റിന്റെ പ്രധാന ആകര്‍ഷണം ഐസിസിയും ഐബിപിസി കുവൈത്തും തമ്മിൽ ഒപ്പുവച്ച ചരിത്രപരമായ ധാരണാപത്രം.
ഐസിസി പ്രസിഡന്‍റ് കൂടിയായ ജിൻഡാൽ സ്റ്റെയിൻലെസ് മാനേജിങ് ഡയറക്ടർ അഭ്യൂദയ ജിൻഡാൽ, ഐബിപിസി കുവൈത്ത് ചെയർമാൻ (ഹോൺ.) കൈസർ ടി. ഷാക്കിർ എന്നിവർ ധാരണാപത്രം ഒപ്പുവെച്ചു. ചടങ്ങിൽ ഐസിസിയുടെ കുവൈത്ത് പ്രതിനിധിയും ഐബിപിസി കുവൈത്തിലെ മുൻ ചെയർമാനുമായ എസ്. കെ. വധാവൻ, ഐബിപിസി കുവൈത്ത് സെക്രട്ടറി (ഹോൺ.) സുരേഷ് കെ. പി., ജോയിന്റ് സെക്രട്ടറി (ഹോൺ.) സുനിത് അരോറ എന്നിവരും പങ്കെടുത്തു.
വ്യാപാരവികസനം, നിക്ഷേപ സൗകര്യങ്ങൾ, സാങ്കേതിക സഹകരണം, കൺസൾട്ടൻസി സേവനങ്ങൾ, സംയുക്ത ബിസിനസ് പ്രതിനിധി സംഘങ്ങൾ തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള അടിത്തറയാണ് ഈ ധാരണാപത്രം. കൂടാതെ പ്രദർശനങ്ങൾ, ബയർ-സെല്ലർ മീറ്റുകൾ, സെമിനാറുകൾ, വർക്ക്‌ഷോപ്പുകൾ എന്നിവയുടെ വഴിയിലൂടെ ഇന്ത്യ-കുവൈത്ത് സാമ്പത്തിക-പ്രൊഫഷണൽ ബന്ധങ്ങൾ കൂടുതൽ ഉറപ്പുവരുത്തുക എന്ന ലക്ഷ്യവും കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
20-ലധികം അംഗങ്ങളടങ്ങിയ ഐബിപിസി കുവൈത്ത് പ്രതിനിധി സംഘം അന്താരാഷ്ട്ര ബിസിനസ് നേതാക്കളുമായി സംസാരിച്ചു. കുവൈത്തിലെ ക്ലീനിങ് കമ്പനീസ് അസോസിയേഷൻ ചെയർമാൻ സാഖർ വൈ. അൽറഷൂദ്, ദാര്‍ അൽ മുഹമ്മ മാനേജിങ് പാർട്ണർ ആൻഡ് അറ്റോർണി അബ്ദുൽ റഹ്മാൻ അൽഹൗട്ടി എന്നിവരും സമ്മേളനത്തിൽ പങ്കെടുത്ത് ഇരുരാജ്യങ്ങളുടെയും വ്യാപാര സഹകരണ സാധ്യതകൾ ചർച്ച ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ