ചരിത്രം വികലമാക്കുന്നവരെ പ്രതിരോധിക്കുക - ഐ.സി.എഫ് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്ര സെമിനാര്‍

By Web TeamFirst Published Aug 22, 2021, 10:53 PM IST
Highlights

സ്വാതന്ത്ര്യ സമരത്തിലെ മലയാളപെരുമ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉല്‍ഘാടനം ചെയ്തു. 

മസ്‌കത്ത്: ഒരുമിച്ച് നിന്ന് ഒരു മനസ്സോടെ പോരാടി നേടിയതാണ് ഇന്ത്യ എന്നും ആ ഇന്ത്യയുടെ സ്വാതന്ത്ര്യമാണ് നാം ഇപ്പോള്‍ ആഘോഷിക്കുന്നതെന്നും തിരിച്ചറിയണമെന്ന് ഒമാനില്‍ ഐ.സി.എഫ് സംഘടിപ്പിച്ച ചരിത്ര സെമിനാര്‍ അഭിപ്രായപ്പെട്ടു. വിഭജനവും വര്‍ഗീയതയും മേല്‍ക്കൈ നേടുന്ന ഇക്കാലത്ത് ശരിയായ ചരിത്ര പഠനം അത്യന്താപേക്ഷിതമാണ്.

ചരിത്ര ബോധമില്ലാത്ത ഒരു സമൂഹത്തെ വിഭജിക്കാന്‍ എളുപ്പമാണ്. സൗഹാര്‍ദത്തില്‍ അധിഷ്ഠിതമായ പോരാട്ടമാണ് ഇന്ത്യയുടെ അധിനിവേശ വിരുദ്ധ സമരങ്ങള്‍. വ്യക്തി ജീവിതത്തില്‍ കര്‍ശനമായ നിഷ്ഠ പുലര്‍ത്തിയ മുസ്ലിം പണ്ഡിത നേതൃത്വം മതാതീതമായ സൗഹൃദം കാത്തു സൂക്ഷിക്കുകയും സാമൂതിരി ഉള്‍പ്പെടെയുള്ള ഹൈന്ദവ രാജാക്കന്മാരുടെ ശക്തമായ പിന്തുണയോടെ സാമ്രാജ്യത്വ വിരുദ്ധ യുദ്ധങ്ങള്‍ നയിച്ചു. ഇത്തരം സൗഹൃദങ്ങളെ വീണ്ടെടുക്കേണ്ടത് ഫാഷിസത്തെ ചെറുക്കുന്നതില്‍ പ്രസക്തമാണെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു.

സ്വാതന്ത്ര്യ സമരത്തിലെ മലയാളപെരുമ എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ പ്രതിപ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉല്‍ഘാടനം ചെയ്തു. എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. അബ്ദുല്‍ ഹകീം അസ്ഹരി സന്ദേശ പ്രഭാഷണം നടത്തി. ഡോ. ഹുസൈന്‍ രണ്ടത്താണി കീ നോട് അഡ്രസ് നടത്തി. ഐ.സി.എഫ് ഗള്‍ഫ് കൌണ്‍സില്‍ സെക്രട്ടറി പി വി അബ്ദുല്‍ ഹമീദ് ആമുഖ പ്രഭാഷണം നടത്തി. ഐ സി എഫ് ഒമാന്‍ പ്രസിഡന്റ് ശഫീഖ് ബുഖാരി വെബിനാര്‍ നിയന്ത്രിച്ചു. ഐ.സി.എഫ് ഗള്‍ഫ് കൗണ്‍സില്‍ സെക്രട്ടറി ശരീഫ് കാരശ്ശേരി, നിസാര്‍ സഖാഫി എന്നിവര്‍ പങ്കെടുത്തു. ഐ.സി.എഫ് ദേശീയ ജനറല്‍ സെക്രട്ടറി റാസിഖ് ഹാജി സ്വാഗതവും സെക്രട്ടറി അഹ്മദ് സഗീര്‍ നന്ദിയും പറഞ്ഞു.

click me!