ഫിലിപ്പൈന്‍ യുവതിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന പരാതി; യുവാവിനെ കോടതി കുറ്റവിമുക്തനാക്കി

By Web TeamFirst Published Aug 22, 2021, 10:36 PM IST
Highlights

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പരാതിക്ക് ആധാരമായ സംഭവം. തന്റെ അപ്പാര്‍ട്ട്‍മെന്റില്‍ വന്ന യുവാവ് മാറിടത്തില്‍ സ്‍പര്‍ശിച്ചുവെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. 

മനാമ: ഫിലിപ്പൈന്‍ യുവതിയെ അപമര്യാദയായി സ്‍പര്‍ശിച്ചെന്ന പരാതിയില്‍ യുവാവിനെ കോടതി വെറുതെ വിട്ടു. ബഹ്റൈനില്‍ അക്കൌണ്ടന്റായി ജോലി ചെയ്യുന്ന യുവാവിനെതിരെ ഒപ്പം ജോലി ചെയ്‍തിരുന്ന യുവതിയാണ് പരാതി നല്‍കിയത്. എന്നാല്‍ പരാതിക്കാരിയുടെ മൊഴിയിലെ വൈരുദ്ധ്യങ്ങളും തെളിവുകളുടെ അഭാവവും ചൂണ്ടിക്കാട്ടിയാണ് ഹൈ-ക്രിമിനല്‍ കോടതി കുറ്റവിമുക്തനാക്കിയത്.

ഇക്കഴിഞ്ഞ മാര്‍ച്ചിലായിരുന്നു പരാതിക്ക് ആധാരമായ സംഭവം. തന്റെ അപ്പാര്‍ട്ട്‍മെന്റില്‍ വന്ന യുവാവ് മാറിടത്തില്‍ സ്‍പര്‍ശിച്ചുവെന്ന് ആരോപിച്ചാണ് യുവതി പരാതി നല്‍കിയത്. എന്നാല്‍ താന്‍ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്ന സമയത്ത് അബദ്ധത്തില്‍ യുവതിയുടെ ശരീരത്തില്‍ തട്ടിയെന്നും അതിന് ക്ഷമാപണം നടത്തിയിരുന്നെന്നും യുവാവ് പറഞ്ഞു. തെളിവുകളില്ലാതെ യുവാവിനെതിരായ ലൈംഗിക ചൂഷണ പരാതി നിലനില്‍ക്കില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.

ഇതിന് പുറമെ യുവതി കോടതിയില്‍ പരസ്‍പര വിരുദ്ധമായ മൊഴികള്‍ നല്‍കുകയും ചെയ്‍തു. യുവാവ് തനിക്ക് നല്‍കാനുണ്ടായിരുന്ന പണം തിരികെ നല്‍കാനാണ് ഫ്ലാറ്റിലേക്ക് വന്നതെന്ന് ഒരിക്കല്‍ പറഞ്ഞ യുവതി, പിന്നീട് ഒരുമിച്ച് ഭക്ഷണം കഴിക്കാനായാണ് വന്നതെന്ന് മാറ്റിപ്പറയുകയും ചെയ്‍തു. ഇതൊടെ ഇവരുടെ മൊഴികള്‍ വിശ്വസിക്കാനാവില്ലെന്ന് കോടതി നിലപാടെടുത്തു. 

പണം തിരികെ നല്‍കാനായാണ് ഫ്ലാറ്റില്‍ പോയതെന്ന് പറഞ്ഞ യുവാവ്,  ഫ്ലാറ്റില്‍ നിന്ന് പുറത്തിറങ്ങാന്‍ വാതില്‍ തുറക്കാന്‍ ശ്രമിക്കവെ യുവതി തന്റെ തൊട്ടടുത്ത് വന്നുനില്‍ക്കുകയായിരുന്നുവെന്നും ഈ സമയത്ത് അറിയാതെ ശരീരത്തില്‍ സ്‍പര്‍ശിച്ചതാണെന്നും മൊഴി നല്‍കി. താന്‍ അപ്പാര്‍ട്ട്മെന്റിലെത്തിയ സമയത്ത് യുവതി, ഒപ്പം താമസിച്ചിരുന്നവരോട് പുറത്ത് പോകാന്‍ പറഞ്ഞുവെന്നും ഇത് തന്നെ കുരുക്കിലാക്കി ബ്ലാക്ക് മെയില്‍ ചെയ്‍ത് പണം തട്ടാനുള്ള ഉദ്ദേശത്തോടെയായിരുന്നുവെന്നും യുവാവിന്റെ അഭിഭാഷകന്‍ വാദിച്ചു. ശരീരത്തില്‍ അബദ്ധത്തില്‍ സ്‍പര്‍ശിച്ചതിന് അപ്പോള്‍ തന്നെ മാപ്പ് പറയുകയും ചെയ്‍തു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ പൊലീസിനെ വിളിച്ചുവരുത്തിയെന്നും ഇയാള്‍ മൊഴി നല്‍കി.

click me!