തിരിച്ചറിയല്‍ രേഖ ചോദിച്ച പൊലീസുകാരെ മര്‍ദിച്ചു; പ്രവാസിക്ക് യുഎഇയില്‍ ശിക്ഷ

By Web TeamFirst Published May 25, 2022, 5:01 PM IST
Highlights

തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് കേസ്. 'നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന' പ്രവാസി പൊലീസുകാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. 

ദുബൈ: തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ട പൊലീസുകാരെ മര്‍ദിച്ച സംഭവത്തില്‍ പ്രവാസിക്ക് ദുബൈ ക്രിമിനല്‍ കോടതി മൂന്ന് മാസം ജയില്‍ ശിക്ഷ വിധിച്ചു. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ആഫ്രിക്കക്കാരനാണ് സംഭവത്തില്‍ അറസ്റ്റിലായത്. ഇയാളുടെ വിസാ കാലാവധി അവസാനിച്ചിട്ടും നിയമവിരുദ്ധമായി രാജ്യത്ത് താമസിച്ചുവരികയായിരുന്നു.

തിരിച്ചറിയല്‍ രേഖകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട രണ്ട് പൊലീസുകാരെ ഇയാള്‍ മര്‍ദിച്ചുവെന്നാണ് കേസ്. 'നിയമവിരുദ്ധമായി രാജ്യത്ത് താമസിക്കുകയായിരുന്ന' പ്രവാസി പൊലീസുകാരെ മര്‍ദിക്കുകയും അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കുകയും ചെയ്‍തതായി കേസ് രേഖകള്‍ വ്യക്തമാക്കുന്നു. പൊലീസുകാരെ തള്ളിമാറ്റിയ ശേഷം അവരെ ചവിട്ടുകയും സ്ഥലത്തു നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്‍തു. എന്നാല്‍ അല്‍പദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ വഴുതി നിലത്ത് വീണതോടെയാണ് പൊലീസുകാര്‍ ഇയാളെ പിടികൂടിയത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി ശിക്ഷ വിധിക്കുകയായിരുന്നു. മൂന്ന് മാസത്തെ ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നാണ് കോടതി വിധി.

click me!