
ദുബൈ: നൂറിലധികം സൂപ്പര്‍ കാറുകളെയും മസില്‍ കാറുകളെയും അണിനിരത്തി ദുബൈയിലെ ഏറ്റവും മികച്ച മോട്ടോര്‍ ഷോ 'കന്തൂറ റാലി' ഒരുങ്ങുന്നു. സന്ദര്‍ശകര്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്ന ഈ പ്രദര്‍ശനത്തില്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട എല്ലാം അണിനിരക്കും. 2500ലധികം സന്ദര്‍ശകര്‍ 'കന്തൂറ റാലി'ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റ്സ് മോട്ടോര്‍സ്‍പോര്‍ട്സ് ഓര്‍ഗനൈസേഷന്റെ (EMSO) സഹകരണത്തോടെ ജൂലൈ രണ്ടിനാണ് കന്തൂറ റാലിയുടെ ഉദ്ഘാടന എഡിഷന് തുടക്കമാവുന്നത്. വാഹനപ്രേമത്തെ ആഘോഷമാക്കി മാറ്റുന്നതിന് പുറമെ യുഎഇ പുരുഷന്മാരുടെ സ്റ്റൈലും അഭിമാനവും സംതൃപ്തിയുമായ കന്തൂറയുടെ പ്രതാപം കൂടി പ്രതിഫലിപ്പിക്കുന്നതായിരിക്കും പരിപാടി.
മോട്ടോര്‍ സിറ്റിയുടെ ഹൃദയ ഭാഗത്ത് ദുബൈ ഓട്ടോഡ്രോമിലെ ക്ലബ് സര്‍ക്യൂട്ടില്‍ വൈകുന്നേരം ആറ് മണിക്ക് പരേഡ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ അറബികളുടെ പരമ്പരാഗത വസ്‍ത്രമായ കന്തൂറ ധരിച്ച് തങ്ങളുടെ സംഘാംഗങ്ങളോടൊപ്പം ഈ ഫണ്‍ ഡ്രൈവില്‍ അണിനിരക്കും. ദുബൈയിലെ ജനപ്രിയ കേന്ദ്രങ്ങളായ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, മെയ്‍ദാന്‍ ബ്രിഡ്ജ്, ദുബൈ ക്യാമല്‍ റേസിങ് ട്രാക്ക് എന്നിവയ്ക്ക് സമീപത്തുകൂടി മുന്നോട്ട് നീങ്ങുന്ന പരേഡ് ദുബൈ സിലിക്കണ്‍ ഒയാസിസില്‍ (DSO) സമാപിക്കും.
ദുബൈ സിലിക്കണ്‍ ഒയാസിലെ ദുബൈ ഡിജിറ്റല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന കാര്‍ ആന്റ് ബൈക്ക് ഷോ കോമ്പറ്റീഷനാണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 25,000 ദിര്‍ഹത്തിലധികം വിലവരുന്ന സമ്മാനങ്ങളാണ് ലഭിക്കുക. ക്ലാസിക് സൂപ്പര്‍ കാറുകളുടെയും മോഡിഫൈഡ് കാറുകളുടെയും പ്രദര്‍ശനവും ഇതോടൊപ്പമുണ്ടാകും.
ദുബൈയില്‍ കന്തൂറ റാലിയുടെ ഉദ്ഘാടന എഡിഷന്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ അത്യധികം സന്തോഷിക്കുന്നുവെന്ന് പരിപാടിയുടെ സംഘാടകരായ ഓര്‍ബിറ്റ് ഇവന്റ്സ് ആന്റ് പ്രൊമോഷന്‍സ് മാനേജിങ് ഡയറക്ടര്‍ പ്രഗ്ന വയ പറഞ്ഞു. കാറുകളെ ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ചേര്‍ക്കാനായി ഒരു ഫണ്‍ മോട്ടോര്‍ വെസ്റ്റിവല്‍ സംഘടിപ്പിക്കുകയും അതുവഴി ദുബൈയിലെ ഏറ്റവും വലിയ ആകര്‍ഷകങ്ങളായ കാറുകളും ലക്ഷ്വറിയും ലൈഫ്‍സ്റ്റൈലും തന്നെ ആഘോഷമാക്കുകയാണെന്നും അവര്‍ പറഞ്ഞു.
'യുഎഇയിലെ കാര്‍ പ്രേമികള്‍ക്കായി ഓട്ടോമോട്ടീവ് സാങ്കേതിക മികവിന്റെയും വാഹന സൗന്ദര്യത്തിന്റെയും ആവേശം നിറയ്ക്കുന്ന പ്രദര്‍ശനമായിരിക്കും കന്തൂറ റാലിയില്‍ ഒരുങ്ങുന്നത്. നിരവധി സൂപ്പര്‍ കാറുകളും വ്യത്യസ്‍തമായ മസില്‍ കാറുകളും ദുബൈയിലെ ആകര്‍ഷകങ്ങളായ നിരത്തുകളിലൂടെ നീങ്ങും. വരാനിരിക്കുന്ന ആകര്‍ഷങ്ങളായ പരിപാടികളില്‍ ആദ്യത്തേതാണിത്. ഒപ്പം ദുബൈയിലെ മോട്ടോര്‍ സ്‍പോര്‍ട്സ് പ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും വലിയൊരു പരിപാടിയായി ഇത് മാറുമെന്ന് ഉറപ്പു നല്‍കുന്നതായും' അവര്‍ പറഞ്ഞു.
ഇതൊരു മികച്ച അവസരമാണെന്നും അതില്‍ അതിയായി അഭിമാനിക്കുന്നുവെന്നുമാണ് മോട്ടോര്‍ റേസിങ് സ്‍പോര്‍ട്സ് കമന്റേറ്ററും കന്തൂറ റാലിയുടെ ചടങ്ങിലെ അവതാരകനുമായ യൂസെഫ് അല്‍ അന്‍സാരി പറഞ്ഞു. സ്റ്റൈലിലും ഈ സ്‍പോര്‍ടിനോടുള്ള യുവത്വത്തിന്റെ പ്രതിബദ്ധതയിലും യുഎഇയുടെ സ്വത്വം ആഘോഷിക്കുന്ന ഈ റേസിനായി തങ്ങള്‍ സ്വയം സന്നദ്ധരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ ഏറെ സ്വാധീനവും തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തോട് അഭേദ്യമായ ബന്ധവും അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വാഹന സൗന്ദര്യത്തിന്റെ ഏറ്റവും വലിയ അടയാളമായി കന്തൂറ മാറാനൊരുങ്ങുകയാണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈലിനും ലക്ഷ്വറിക്കും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയ്ക്കും സാക്ഷികളാവാനുള്ള അവസരമാണ് ലഭിക്കുന്നത്. ദുബൈയുടെ യഥാര്‍ത്ഥ വികാരത്തിനൊപ്പം ഈ നഗരത്തിന്റെ വാഹന പാരമ്പര്യവും ഗ്ലാമറസ് ജീവിതരീതിയില്‍ മുന്നേറാനുള്ള ആസക്തിയുമായിരിക്കും ഇതിലൂടെ പുറത്തുവരുന്നതെന്നും' പ്രഗ്ന വയ കൂട്ടിച്ചേര്‍ത്തു.
വിവിധ ഭക്ഷണശാലകളില്‍ നിന്നുള്ള വിവിധതരം വിഭവങ്ങള്‍ ആസ്വദിക്കുന്നതിനുള്ള അവസരവും ഈ ഫെസ്റ്റിവലിലുണ്ടാകും. ആകര്‍ഷകമായ സംഗീതം ആസ്വദിക്കാനും വാഹന ലോകത്തെ കൗതുകങ്ങള്‍ നുകരാനും സാധ്യമാവും. വാഹന പ്രേമികള്‍ മുതല്‍ സാധാരണ കാഴ്ചക്കാര്‍ വരെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും ഈ പരിപാടി.
ഫണ്‍ ഡ്രൈവിലേക്കും കാര്‍ ആന്റ് ബൈക്ക് ഷോയിലേക്കുമുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള എല്ലാവരെയും തങ്ങളുടെ പ്രിയ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവരെ വിസ്‍മയിപ്പിക്കാനും സ്വാഗതം ചെയ്യുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങ് റാഡിസന്‍ റെഡ് ഹോട്ടലില്‍ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ