ഇന്ത്യയും സൗദി അറേബ്യയും പുതിയ ഹജ്ജ് കരാർ ഒപ്പിട്ടു; കണ്ണൂരില്‍ പുതിയ എംബാര്‍ക്കേഷന്‍ പോയിന്റ് ഇല്ല

By Web TeamFirst Published Dec 2, 2019, 3:42 PM IST
Highlights

ഇന്ത്യയിൽ നിന്ന് ഹജ്ജ് തീർത്ഥാടകർക്കുള്ള സേവനം പൂർണമായും ഡിജിറ്റലാവും. പ്രവേശന ടിക്കറ്റിന് ഈ വർഷവും 15 റിയാൽ.

റിയാദ്: ഇന്ത്യയും സൗദി അറേബ്യയും തമ്മിൽ 2020 വര്‍ഷത്തിലേക്കുള്ള പുതിയ ഹജ്ജ് കരാർ ഒപ്പിട്ടു. കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‍വിയാണ് ഇക്കാര്യം ജിദ്ദയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചത്. രണ്ടു ലക്ഷത്തോളം തീർത്ഥാടകരാണ് ഇത്തവണയും ഇന്ത്യയിൽനിന്ന് എത്തുകയെന്നും അദ്ദേഹം പറഞ്ഞു.  ഇന്ത്യൻ തീടർത്ഥാടകർക്കുള്ള നടപടികൾ പൂർണമായും ഡിജിറ്റൽവത്കരിച്ചതായി അദ്ദേഹം പറഞ്ഞു. 

മുംബൈയിലെ ഹജ്ജ് ഹൗസിൽ നൂറ് ടെലഫോൺ ലൈനുകളുള്ള വിവര കേന്ദ്രം സജ്ജമാക്കിയിട്ടുണ്ട്. ഇതിനകം 1,80,000 ഹജ്ജ് അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം വളരെ വിജയകരവും സുരക്ഷിതവുമായിരുന്നു ഇന്ത്യൻ ഹജ്ജ് മിഷൻ പ്രവര്‍ത്തനങ്ങള്‍. ഇത്തവണയും അങ്ങനെ തന്നെയായിരിക്കും. റോഡ് ടു മക്ക ഇനിഷ്യേറ്റിവ് പദ്ധതിയുടെ ഭാഗമായി ഇന്ത്യൻ ഹാജിമാരുടെ എമിഗ്രേഷൻ നടപടികൾ എംബാര്‍ക്കേഷന്‍ പോയിൻറുകളിൽനിന്ന് പൂർത്തിയാക്കുന്നതിനുള്ള സംവിധാനം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. അതു സംബന്ധിച്ച് നടപടികൾ പുരോഗമിക്കുകയാണ്. 

കേരളത്തിൽ നിലവിൽ രണ്ട് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയൻറുകൾ നിലവിലുണ്ട്. കഴിഞ്ഞവർഷം 21 എംബാര്‍ക്കേഷന്‍ പോയന്റുകളാണ് ഇന്ത്യയിലുണ്ടായിരുന്നത്. ഇത്തവണ വിജയവാഡയിൽ പുതിയ എംബാര്‍ക്കേഷന്‍ പോയിന്റുണ്ടാവും. കണ്ണൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് പരിഗണനയിലില്ലെന്ന് മന്ത്രി അറിയിച്ചു. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്, കോൺസൽ ജനറൽ മുഹമ്മദ് നൂർറഹ്മാൻ ശൈഖ്, ഹജ്ജ് കോൺസൽ വൈ സാബിർ, ഹജ്ജ് കമ്മിറ്റി സി.ഇ.ഒ ഡോ. മഖ്സുദ് അഹമ്മദ് ഖാൻ, അഡീഷനൽ സെക്രട്ടറി  ജാൻ ഇ ആലം,  ഹജ്ജ് ഡയറക്ടർ നജ്മുദ്ദീൻ, ജോയിൻറ് സെക്രട്ടറി സത്യേന്ദ്രകുമാർ മിശ്ര, ഹജ്ജ് കമ്മിറ്റി ആക്ടിങ് ചെയർമാൻ ജിന നബി തുടങ്ങിയവർ പങ്കെടുത്തു.

click me!