UAE President : യുഎഇ പ്രസിഡന്‍റിന് ആദരാഞ്ജലി; നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ

Published : May 13, 2022, 10:34 PM ISTUpdated : May 13, 2022, 10:36 PM IST
UAE President : യുഎഇ പ്രസിഡന്‍റിന് ആദരാഞ്ജലി; നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ

Synopsis

ദുഃഖാചരണത്തിന്റെ ഭാഗമായി ഇന്ത്യൻ ദേശീയ പതാക താഴ്ത്തിക്കെട്ടും. യു എ ഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു.

ദില്ലി:  യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. നേരത്തെ യു എ ഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ അഗാധ ദുഃഖം രേഖപ്പെടുത്തിയിരുന്നു. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ത്യ - യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി ഓർമ്മിപ്പിച്ചു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ മോദി യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും കുറിച്ചിരുന്നു.

യുഎഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍ അന്തരിച്ചു

യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്. 73 വയസായിരുന്നു. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവൻ്റെ മരണത്തെ തുട‍ര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.

യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേ‍ഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

click me!

Recommended Stories

സമയം രാത്രി 12 മണി, കടകളെല്ലാം അടച്ചു, പക്ഷേ...ദുബൈയിൽ നിന്നുള്ള ഇന്ത്യൻ യുവാവിന്‍റെ വീഡിയോ വൈറലാകുന്നു
പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം