ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും വിദ്യാലയങ്ങളെയും ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ആദരിച്ചു

By Web TeamFirst Published Oct 13, 2021, 11:13 AM IST
Highlights

ഇന്ത്യൻ എംബസിയിലെ എക്കണോമിക്ക്‌, കൊമേഴ്‌സ്യൽ, സ്കൂൾ നിരീക്ഷണ കാര്യ ചുമതലയുള്ള സെക്കന്റ്‌ സെക്രട്ടറി അസിം അൻവർ വെബിനാർ ഉദ്ഘാടനം ചെയ്തു. 

ദമ്മാം: സിബിഎസ്ഇ  10, 12 ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കിഴക്കൻ പ്രവിശ്യാ കമ്മിറ്റി ആദിച്ചു. ഇന്ത്യൻ എംബസിയിലെ എക്കണോമിക്ക്‌, കൊമേഴ്‌സ്യൽ, സ്കൂൾ നിരീക്ഷണ കാര്യ ചുമതലയുള്ള സെക്കന്റ്‌ സെക്രട്ടറി അസിം അൻവർ വെബിനാർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ എന്നും ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കണമെന്നും ഏത്‌ തരം പ്രതിസന്ധികൾ മുന്നിൽ വന്നാലും ആത്മവിശ്വാസം കൈവിടാതെ മുന്നേറണമെന്നും അദ്ദേഹം വിദ്യാർത്തികളെ ഉപദേശിച്ചു. 

ഉന്നത വിജയം കരസ്ഥമാക്കിയ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറോളം കുട്ടികളെയാണ്‌ ഫോറം ആദരിച്ചത്‌. ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം, ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ജുബൈൽ, അൽമുന ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ദമ്മാം, അൽ ഖൊസാമ ഇന്റർനാഷണൽ സ്കൂൾ ദമ്മാം, ഡ്യൂൻസ് ഇന്റർനാഷണൽ സ്കൂൾ അൽ ഖോബാർ എന്നിങ്ങനെ കിഴക്കൻ പ്രവിശ്യയിലെ അഞ്ച്‌  വിദ്യാലയങ്ങളിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയവരെയാണ്‌ ഇതിനായി തെരഞ്ഞെടുത്തത്‌. കൊവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഫോറം ഭാരവാഹികൾ കുട്ടികളുടെ വീടുകളിൽ നേരിട്ടെത്തി മൊമെന്റൊ നൽകുകയായിരുന്നു. 

കോവിഡ്‌ കാലത്ത് വിദ്യാർത്ഥികൾക്ക്‌ ആശ്വാസമാകുന്ന തരത്തിൽ ക്ലാസ്സുകൾ ക്രമീകരിക്കുകയും ആത്മവിശ്വാസത്തോടെ അവരെ പഠന പ്രവർത്തനങ്ങളിലും വാർഷിക പരീക്ഷകൾക്കും സജ്ജമാക്കിയ വിദ്യാലങ്ങളെയും ഫോറം ആദരിച്ചു. ഓരോ വിദ്യാലയങ്ങളിലും നേരിട്ടെത്തി പ്രധാന അധ്യാപകർക്കാണ്‌ ഫോറം ഭാരവാഹികൾ മൊമെന്റൊ നൽകിയത്‌. പ്രമുഖരുടെ സാന്നിധ്യത്തിൽ മുഴുവൻ വിജയികളുടെയും കുടുംബസമേതമുള്ള സംഗമമാണ്‌ സമാപന പരിപാടിയായി ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ്‌ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ സമാപന പരിപാടി വെബിനാർ ആക്കി മാറ്റുകയായിരുന്നു.

ഫോറം കിഴക്കൻ പ്രവിശ്യാ സെക്രട്ടറി അബ്ദുൽ സലാം മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. പ്രവിശ്യയിലെ പ്രമുഖ സ്കൂൾ പ്രിൻസിപ്പൽമാരായ മെഹനാസ്‌ ഫരീദ്‌, ഡോക്ടർ നൗഷാദ്‌ അലി, കെ.പി മമ്മൂ മാസ്റ്റർ, സുമയ്യ മുഹമ്മദ്‌ ആരിഫ് എന്നിവർക്ക്‌ പുറമെ ഡോക്ടർ ഇർഫാൻ ഹമീദ്‌ ഖാൻ, ഡോക്ടർ ഫയാസ് അഹ്‌മദ്‌, സാജിദ്‌ ആറാട്ടുപുഴ, മുഹമ്മദ്‌ അബ്ദുൽ വാരിസ്‌, റിഹാൻ ആലം സിദ്ദീഖി, അബ്ദുൽ റഊഫ് പി വി തുടങ്ങി സാമൂഹിക സാംസ്കാരിക, മാധ്യമ രംഗത്തെ പ്രമുഖരും ടോപ്പർ വിദ്യാർത്ഥികളായ ആരവ് കമ്മത്ത് (ഗോവ) ഉസ്മാഖാൻ (യു പി ) ഫിർദൗസ് ഫാത്തിമ (ഒഡിഷ) ആശിഷ് ഷിബു (കേരളം) സന്ദീപ് ശ്രീനിവാസൻ (തമിഴ്നാട്) സാഖിബ് മുഹമ്മദ്‌ (തെലങ്കാന) എന്നിവരും  സംസാരിച്ചു. ഫോറം കർണ്ണാടക ചാപ്റ്റർ കമ്മിറ്റി അംഗം ആഷിക്ക്‌ മച്ചാർ അവതാരകനായിരുന്നു.  ഫോറം ദമ്മാം കർണ്ണാടക ചാപ്റ്റർ കമ്മിറ്റി അംഗം മിഅറാജ്‌ അഹ്മദ്‌ നന്ദി പ്രകാശിപ്പിച്ചു.

click me!