കുവൈറ്റിലെ മുത്‌ല മരുഭൂമിയിൽ പുതുവത്സരാഘോഷത്തിനിടെ അനുചിതമായ പെരുമാറ്റത്തിൽ ഏർപ്പെട്ട ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. ക്രോസ്ഡ്രസ്സിംഗ് ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് നടപടി.

കുവൈറ്റ് സിറ്റി: പൊതു ധാർമ്മികതയെ വ്രണപ്പെടുത്തുന്ന വീഡിയോ പോസ്റ്റ് ചെയ്ത ഒരു സോഷ്യൽ മീഡിയ അക്കൗണ്ടിനെതിരെ നടപടി. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സൈബർ ക്രൈം ഡിപ്പാർട്ട്‌മെന്‍റുമായി സഹകരിച്ചാണ് അക്കൗണ്ട് കണ്ടെത്തി നടപടിയെടുത്തത്. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായി മുത്‌ല മരുഭൂമി പ്രദേശത്തെ ഒരു ക്യാമ്പിൽ ഒത്തുകൂടിയ ഒരു കൂട്ടം ഇന്ത്യൻ പൗരന്മാർ ക്രോസ്ഡ്രസ്സിംഗ് ഉൾപ്പെടെയുള്ള അനുചിതമായ പെരുമാറ്റത്തിൽ ഏർപ്പെടുന്ന വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.

തുടർന്ന് നടത്തിയ അന്യോഷണത്തിൽ വീഡിയോ പോസ്റ്റ് ചെയ്തയാളെ കണ്ടെത്തുകയും ക്യാമ്പിൽ പങ്കെടുത്ത വ്യക്തികളെ തിരിച്ചറിയുകയും ചെയ്തു. വീഡിയോയിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളെയും അറസ്റ്റ് ചെയ്ത് അവർക്കെതിരെ ആവശ്യമായ നിയമ നടപടിക്രമങ്ങൾ ആരംഭിച്ചു. കുവൈറ്റ് നിയമപ്രകാരം ക്രോസ് ഡ്രസിങ്ങിന് രണ്ട് വർഷം വരെ തടവും 5000 ദിനാർ പിഴയും ലഭിക്കുന്ന കുറ്റമാണ്.

സാമൂഹിക മാധ്യമങ്ങളിലൂടെ പൊതു ധാർമ്മികത ലംഘിക്കുന്ന പെരുമാറ്റങ്ങളോ രീതികളോ ആഭ്യന്തര മന്ത്രാലയം തുടർച്ചയായി നിരീക്ഷിക്കുകയും ട്രാക്ക് ചെയ്യുകയും ചെയ്യുമെന്നും നിയമം ലംഘിക്കുന്ന ഏതൊരാൾക്കും എതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു.