
അബുദാബി: ഇസ്ലാമിക രാജ്യങ്ങളുടെ ആഗോള കൂട്ടയ്മായായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) സമ്മേളനത്തിലേക്ക് ഇന്ത്യക്ക് ക്ഷണം. ഒഐസി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനം അടുത്തമാസം ഒന്നിന് അബുദാബിയില്‍ വെച്ചാണ് നടക്കുന്നത്. സമ്മേളനത്തില്‍ അതിഥിയായാണ് ഇന്ത്യയെ ക്ഷണിച്ചിരിക്കുന്നത്.
യുഎഇ വിദേശകാര്യ - അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്‍യാനാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ ഒഐസി സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇതാദ്യമായാണ് ഒഐസി സമ്മേളനത്തിലേക്ക് അതിഥിയായി ഇന്ത്യ ക്ഷണിക്കപ്പെടുന്നത്. പാകിസ്ഥാന്‍ ഉള്‍പ്പെടെ 57 രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒഐസി മുസ്ലിം ലോകത്തിന്റെ പൊതുശബ്ദമെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്.
യു.എ.ഇയുമായുള്ള ഇന്ത്യയുടെ സമഗ്ര നയതന്ത്ര ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലായാണ് ക്ഷണത്തെ കാണുന്നതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. രാജ്യത്തെ 18.5 കോടി മുസ്ലിംകളുടെ സാന്നിധ്യത്തിനും ഇന്ത്യന്‍സമൂഹത്തിന്റെ വൈവിധ്യത്തിനും ഇസ്ലാമിക ലോകത്തിന് ഇന്ത്യ നൽകിയ സംഭാവനകള്‍ക്കുമുള്ള അംഗീകാരമായി ഇതിനെ കാണുന്നുവെന്നും വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു. അതേസമയം സമ്മേളനത്തിലേക്കുള്ള ക്ഷണത്തെക്കുറിച്ച് മൂന്ന് ആഴ്ച മുന്‍പ് തന്നെ യുഎഇ ഇന്ത്യയെ അറിയിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗിക പ്രഖ്യാപനം വരെ ഇരുരാജ്യങ്ങളും ഇത് രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.
1969ല്‍ മൊറോക്കോയില്‍ വെച്ചുനടന്ന ഒഐസി സമ്മേളനത്തില്‍ ഇന്ത്യയെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. സൗദി ഭരണാധികാരി ഫൈസല്‍ രാജാവിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ട്രനേതാക്കള്‍ ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അന്ന് ആദ്യ സെഷനില്‍ ഇന്ത്യന്‍ അംബാസഡര്‍ പങ്കെടുക്കുത്തു. കോണ്‍ഗ്രസ് നേതാവും പിന്നീട് രാഷ്ട്രപതിയുമായ ഫഖ്റുദ്ദീന്‍ അലി അഹ്‍മദിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സംഘം മൊറോക്കോയിലെത്തിയെങ്കിലും ഒരു സെഷനില്‍ പോലും പങ്കെടുക്കാന്‍ സാധിച്ചില്ല. പാകിസ്ഥാന്റെ ശാഠ്യത്തിന് വഴങ്ങി അന്ന് ഇന്ത്യയ്ക്കുള്ള ക്ഷണം പിന്‍വലിക്കുകയായിരുന്നു. പ്രതിഷേധ സൂചകമായി മൊറൊക്കോയിലെ ഇന്ത്യന്‍ സ്ഥാനപതിയെ അന്ന് ഇന്ത്യ തിരിച്ചുവിളിക്കുകയും ചെയ്തു.
ഇന്ത്യയുമായി ശക്തമായ നയതന്ത്ര ബന്ധം വെച്ചുപുലര്‍ത്തുന്ന യുഎഇ ആതിഥേയ രാജ്യമെന്ന നിലയില്‍ ഇക്കുറി ഇന്ത്യയെ ക്ഷണിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam