ആദ്യ വനിതാ അംബാസഡറെ അമേരിക്കയില്‍ നിയമിച്ച് സൗദി അറേബ്യ

By Web TeamFirst Published Feb 24, 2019, 12:54 PM IST
Highlights

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരനെ മാറ്റിയാണ് റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദിന് നിയമനം നല്‍കിയത്. 

റിയാദ്: സൗദിയുടെ ചരിത്രത്തിലെ ആദ്യ വനിതാ അംബാസഡറെ അമേരിക്കയില്‍ നിയമിച്ചു. റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദിനെ അദ്യ വനിതാ അംബാസഡറായി നിയോഗിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ച രാവിലെയാണ് പുറത്തുവന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ മകന്‍ ഖാലിദ് ബിന്‍ സല്‍മാന്‍ അല്‍ സഊദ് രാജകുമാരനെ മാറ്റിയാണ് റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദിന് നിയമനം നല്‍കിയത്. സൗദിയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് സജീവമായ റീമ പഠിച്ചതും വളര്‍ന്നതും അമേരിക്കയിലായിരുന്നു.  പിതാവ് ബന്തര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ സഊദ് 1983 മുതല്‍ 2005 വരെ അമേരിക്കയിലെ സൗദി അംബാസഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്. പിന്നീട് അദ്ദേഹം ദേശീയ സുരക്ഷാ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി,  സൗദി ഇന്റലിജന്‍സ് ഏജന്‍സി ഡയക്ടര്‍ ജനറല്‍ തുടങ്ങിയ പദവികള്‍ വഹിച്ചു.

റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദ് 2016 മുതല്‍ സൗദി ജനറല്‍ സ്പോര്‍ട്സ് അതോരിറ്റിയില്‍ വിമണ്‍ അഫയേഴ്സ് വൈസ് പ്രസിഡന്റായിരുന്നു. പിന്നീട് സൗദി ഫെ‍ഡറേഷന്‍ ഫോര്‍ കമ്മ്യൂണിറ്റി സ്പോര്‍ട്സ് പ്രസിഡന്റായി. 2018 ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയില്‍ നിയമിച്ചു. പുതിയ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഷ്ട്രത്തിനും നേതാക്കള്‍ക്കും രാഷ്ട്രത്തിന്റെ മക്കള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുമെന്ന് റീമ ബിന്‍ത് ബന്തര്‍ അല്‍ സഊദ് ട്വിറ്ററില്‍ കുറിച്ചു.

click me!