കൊവിഡിനെതിരായ ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലെന്ന് അംബാസഡര്‍

By Web TeamFirst Published Mar 27, 2021, 1:33 PM IST
Highlights

വസുധൈവ കുടുംബകം എന്ന സന്ദേശം ഉള്‍ക്കൊണ്ട് കൊവിഡിനെ നേരിടാനുള്ള ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ടെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് കോടി ഡോസ് കൊവിഡ് വാക്‌സിനുകള്‍ 70തിലധികം രാജ്യങ്ങളില്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

മനാമ: കൊവിഡ് വ്യാപനം പ്രതിരോധിക്കാനുള്ള ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലാണെന്ന് ബഹ്‌റൈനിലെ ഇന്ത്യന്‍ സ്ഥാനപതി. ഇന്ത്യന്‍ എംബസി ഓണ്‍ലൈനായി സംഘടിപ്പിച്ച ഓപ്പണ്‍ ഹൗസില്‍ സംസാരിക്കുകയായിരുന്നു അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ. വസുധൈവ കുടുംബകം എന്ന സന്ദേശം ഉള്‍ക്കൊണ്ട് കൊവിഡിനെ നേരിടാനുള്ള ആഗോള പോരാട്ടത്തില്‍ ഇന്ത്യ മുന്‍നിരയിലുണ്ടെന്നും ഇന്ത്യയില്‍ നിര്‍മ്മിച്ച ആറ് കോടി ഡോസ് കൊവിഡ് വാക്‌സിനുകള്‍ 70തിലധികം രാജ്യങ്ങളില്‍ എത്തിച്ചതായും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 75-ാമത് ഇന്ത്യന്‍ സ്വാതന്ത്യദിനത്തിന് മുന്നോടിയായി എംബസിയില്‍ മാര്‍ച്ച് 20ന് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ഇന്ത്യന്‍ സമൂഹത്തിന് അംബാസഡര്‍ നന്ദി പറഞ്ഞു. 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ മാര്‍ച്ച് 12ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കമിട്ടിരുന്നു. ഉപ്പുസത്യാഗ്രഹത്തിന്റെ 91-ാം വാര്‍ഷികം കൂടിയാണ്.

ബഹ്‌റൈന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ കൊവിഡ് പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് അംബാസഡര്‍ ഇന്ത്യന്‍ സമൂഹത്തോട് ആവശ്യപ്പെട്ടു. പ്രതിസന്ധി ഘട്ടത്തില്‍ ദുരിതം അനുഭവിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് സഹായം നല്‍കുന്ന അസോസിയേഷനുകളെ അദ്ദേഹം അഭിനന്ദിച്ചു. വിവിധ കോണ്‍സുലാര്‍, തൊഴില്‍ പ്രശ്‌നങ്ങളും ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു. ഇന്ത്യക്കാര്‍ നേരിടുന്ന പൊതുവായ പ്രശ്‌നങ്ങളില്‍ ഉണ്ടായിട്ടുള്ള പരിഹാര നടപടികള്‍ അംബാസഡര്‍ പങ്കുവെച്ചു. 

 


 

click me!