ഇന്ത്യ–ഒമാൻ പ്രതിരോധ സഹകരണം ശക്തമാക്കാൻ നീക്കം; നാഷണൽ ഡിഫൻസ് കോളജ് സംഘം ഒമാനിൽ

Published : Sep 05, 2026, 04:41 PM IST
Oman Flag

Synopsis

ഇന്ത്യയുടെ ദേശീയ പ്രതിരോധ കോളജിന്റെ ഉന്നതതല സംഘം ഒമാൻ സന്ദർശിച്ച് പ്രതിരോധ സഹകരണം ശക്തമാക്കുന്നതിനായുള്ള നിർണായക ചർച്ചകൾ നടത്തി. സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് ഉൾപ്പെടെയുള്ള പ്രമുഖരുമായി സംഘം കൂടിക്കാഴ്ച നടത്തുകയും പരിശീലനം, അക്കാദമിക് സഹകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനുള്ള നിർണായക ചർച്ചകൾക്ക് മസ്കറ്റിൽ തുടക്കം. ഇന്ത്യയുടെ ദേശീയ പ്രതിരോധ കോളജിന്റെ (എൻഡിസി) ഉന്നതതല സംഘം ഒമാനിൽ സന്ദർശനം നടത്തി. ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 3 വരെയായിരുന്നു സംഘം ഒമാനിൽ ഉണ്ടായിരുന്നത്. ദേശീയ പ്രതിരോധ കോളജിലെ സീനിയർ ഡയറക്ടിംഗ് സ്റ്റാഫ് (എയർ) എയർ വൈസ് മാർഷൽ മനീഷ് വസന്ത്കുമാർ പട്ടേലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒമാൻ സന്ദർശിച്ചത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ അയൽരാജ്യങ്ങളുമായുള്ള പഠനയാത്രയുടെ ഭാഗമായിരുന്നു സന്ദർശനം.

സന്ദർശനത്തിന്റെ ഭാഗമായി ഒമാൻ കൗൺസിലിന്‍റെ ഭാഗമായ മജ്ലിസ് അദ്ദൗല, മജ്ലിസ് അശ്ശൂറ എന്നിവിടങ്ങൾ സംഘം സന്ദർശിച്ചു. ഒമാൻ കൗൺസിൽ അംഗങ്ങളുമായും സംഘം കൂടിക്കാഴ്ച നടത്തി. സുൽത്താന്റെ സായുധസേനയുടെ ചീഫ് ഓഫ് സ്റ്റാഫ് വൈസ് അഡ്മിറൽ അബ്ദുല്ല ബിൻ ഖമീസ് അൽ റഈസിയുമായും ഇന്ത്യൻ പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യ–ഒമാൻ പ്രതിരോധ സഹകരണത്തിന്റെ വിശാലമായ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളുടെയും പൊതുസുരക്ഷാ താൽപര്യങ്ങൾ സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ആശയവിനിമയം നടന്നു.

ഒമാനിലെ ദേശീയ പ്രതിരോധ കോളജ് കമാൻഡന്റ് റിയർ അഡ്മിറൽ അലി അബ്ദുല്ല അൽ ഷിദിയുമായും സംഘം ചർച്ച നടത്തി. പരിശീലനം, അക്കാദമിക് സഹകരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ശക്തമാക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയായി. ഒമാൻ ഡിപ്ലോമാറ്റിക് അക്കാദമി, പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഫ്രീ സോണുകളുടെയും പബ്ലിക് അതോറിറ്റി എന്നിവിടങ്ങളിലും ഇന്ത്യൻ പ്രതിനിധിസംഘം സന്ദർശനം നടത്തി. ഇന്ത്യയും ഒമാനും തമ്മിലുള്ള ഉന്നതതല ബന്ധങ്ങൾക്ക് കൂടുതൽ കരുത്തേകുന്നതായിരുന്നു സന്ദർശനമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. സമാധാനം, സമൃദ്ധി, പ്രാദേശിക സ്ഥിരത എന്നിവയ്ക്കായുള്ള ഇരു രാജ്യങ്ങളുടെയും ദീർഘകാല പ്രതിബദ്ധത കൂടുതൽ ശക്തിപ്പെടുത്താനും സന്ദർശനം വഴിയൊരുക്കിയതായി എംബസി വ്യക്തമാക്കി.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ വൻ ഡീസൽ മോഷണം; വാഹനങ്ങളിൽ നിന്ന് മോഷ്ടിച്ച് മറിച്ചുവിറ്റു, 41 പേർ അറസ്റ്റിൽ
ഷാർജയിൽ സർക്കാർ ജീവനക്കാർക്ക് വൻ ശമ്പള വർദ്ധനവ്; 1,187 കോടി ദിർഹത്തിന്‍റെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു