
മദീന: വിദേശ ഹജ്ജ് തീർത്ഥാടകരുടെ നടപടിക്രമങ്ങൾ സ്വന്തം നാട്ടിൽ പൂർത്തിയാക്കുന്ന പദ്ധതിയിലേക്ക് ഇന്ത്യയും. തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വദേശത്തുള്ള വിമാനത്താവളങ്ങളിൽ പൂർത്തിയാക്കുന്ന "മക്ക റോഡ്" പദ്ധതിയിലാണ് ഇന്ത്യയെയും ഉൾപ്പെടുത്തുന്നത്.
വിദേശ ഹജ്ജ് തീർത്ഥാടകർക്ക് ഏറെ സഹായകരമായ മക്ക റോഡ് പദ്ധതി രണ്ടു വർഷം മുൻപാണ് ആരംഭിച്ചത്. തീർത്ഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള പാസ്പോർട്ട് നടപടിക്രമങ്ങൾ, ആരോഗ്യ വ്യവസ്ഥകൾ പാലിച്ചോ എന്ന് ഉറപ്പുവരുത്തൽ, ലഗേജ് തരംതിരിക്കൽ എന്നിവയെല്ലാം സ്വദേശങ്ങളിൽ തന്നെ പൂർത്തിയാക്കുന്ന പദ്ധതിയാണിത്.
സ്വദേശങ്ങളിലെ വിമാനത്താവളങ്ങളിൽ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന തീർത്ഥാടകർക്ക് ജിദ്ദ, മദീന എയർപോർട്ടുകളിൽ ആഭ്യന്തര യാത്രക്കാരെപോലെ പാസ്പോര്ട്ട്, കസ്റ്റംസ് അടക്കമുള്ള നടപടിക്രമങ്ങൾക്ക് കാത്തുനിൽക്കാതെ വേഗത്തിൽ പുറത്തിറങ്ങുന്നതിന് സാധിക്കും.
വിമാനത്താവളങ്ങളിൽ നിന്ന് ബസുകളിൽ നേരിട്ട് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിലേക്കു പോകുന്നതിനും തീർത്ഥാടകർക്ക് കഴിയും.
ലഗേജുകൾ സ്വീകരിക്കുന്നതിന് വിമാനത്താവളങ്ങളിൽ കാത്തുനിൽക്കേണ്ടതുമില്ല. "മക്ക റോഡ്" പദ്ധതിയിലൂടെ എത്തുന്ന തീർത്ഥാടകരുടെ ലഗേജുകൾ മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ വർഷം മലേഷ്യയിൽനിന്നും ഇന്തോനേഷ്യയിൽനിന്നുമുള്ള 1,03,055 തീർത്ഥാടകർക്ക് "മക്ക റോഡ്" പദ്ധതിയുടെ പ്രയോജനം ലഭിച്ചിരുന്നു.
ഇന്ത്യ ഉൾപ്പെടെ നാലു രാജ്യങ്ങളിൽ ഈ വർഷം ഇത് നടപ്പിലാക്കുന്നതിനുള്ള സാധ്യത മക്ക റോഡ് പദ്ധതിയുടെ സൂപ്പർവൈസറി കമ്മിറ്റി വിശകലനം ചെയ്തുവരികയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam