ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയിൽ സഹായം തേടുന്നു

By Web TeamFirst Published Apr 8, 2019, 9:58 AM IST
Highlights

സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഷാനവാസിനെ തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസ് ഒളിച്ചോടിയതായി സ്പോൺസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. 

ജിദ്ദ: ഇരു വൃക്കകളും തകരാറിലായ മലയാളി യുവാവ് സൗദിയിൽ സുമനസ്സുകളുടെ സഹായം തേടുന്നു. നിയമ കുരുക്കിൽപ്പെട്ടതിനാൽ നാട്ടിൽ പോകാനോ മികച്ച ചികിത്സ ലഭ്യമാക്കാനോ കഴിയാത്ത അവസ്ഥയിലാണ് കൊല്ലം പാരിപ്പള്ളി സ്വദേശിയായ ഷാനവാസ്. 

രണ്ടുവർഷം മുൻപ് ഹൗസ് ഡ്രൈവർ വിസയിലാണ് ഷാനവാസ് ദമാമിൽ എത്തിയത്. എട്ടു മാസത്തിന് ശേഷം മറ്റൊരു ജോലി തേടി അബഹയിലേക്ക് പോയി. അവിടെ സ്വദേശി പൗരന്‍റെ  വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തുവരുന്നതിനിടെയാണ് തന്‍റെ ഇരുവൃക്കകളും തകരാറിലായതായി അറിയുന്നത്. തുടർന്ന് 15 ദിവസത്തെ ഡയാലിസിസിന് വിധേയനായി. 

സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ ഷാനവാസിനെ തുടർചികിത്സക്കായി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോഴാണ് ഷാനവാസ് ഒളിച്ചോടിയതായി സ്പോൺസർ പരാതിപ്പെട്ടിട്ടുണ്ടെന്ന് അറിയുന്നത്. ഒപ്പം സ്‌പോൺസറുടെ വാഹനം നശിപ്പിച്ചെന്ന പേരിൽ മറ്റൊരു കേസും. അതിനാൽ നാട്ടിലേക്ക് പോകാൻ കഴിഞ്ഞില്ല. 

ഒരാഴ്ച മുമ്പ് തളർന്ന് വീണതിനെ തുടർന്ന് വീണ്ടും ഷാനവാസിനെ അസ്സീർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിവാഹിതനായ ഷാനവാസിന്‍റെ ഏക ആശ്രയം ഹൃദ്രോഗിയായ സഹോദരനും വിധവയായ സഹോദരിയും മാത്രമാണ്. ഷാനവാസിനെ നാട്ടിലെത്തിക്കാനും തുടർ ചികിത്സയ്ക്ക് സഹായിക്കാനുമായി സാമൂഹിക പ്രവർത്തകരായ ബഷീർ മൂനിയൂർ, അഷ്റഫ് കുറ്റിച്ചൽ, ബിജു നായർ തുടങ്ങിയവരുടെ നേതൃത്വത്തിൽ ശ്രമങ്ങള്‍ നടക്കുകയാണ്.  
 

click me!