
ദുബായി: പ്രവാസി വോട്ട് യാഥാര്‍ത്ഥ്യമാകാത്തത് കേന്ദ്രസര്‍ക്കാരിന്‍റെ പിടിപ്പുകേടുകൊണ്ടെന്ന് ഗള്‍ഫിലെ യുഡിഎഫ് ക്യാമ്പുകള്‍. പ്രവാസിമലയാളികളുടെ വോട്ടുറപ്പിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും വിവിധ മുന്നണികളും.
തെരഞ്ഞെടുപ്പ് ചൂടിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി അനുഭാവികള്‍. പ്രവാസി വോട്ടുമായി ബന്ധപ്പെട്ട ബില്‍ കഴിഞ്ഞ നവംമ്പറില്‍ ലോക്സഭയില്‍ പാസായപ്പോള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാമെന്ന പ്രതീക്ഷയിലായിരുന്നു ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹം. എന്നാല്‍ ബില്‍ രാജ്യസഭയില്‍ പാസാക്കിയെടുക്കാത്ത സാഹചര്യത്തില്‍ പ്രവാസിവോട്ട് ഇത്തവണയും സ്വപ്നം മാത്രമായി.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായ ഫിലിപ്പൈന്‍സുകാര്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയതുപോലെ ഇ വോട്ടിംഗ് സംവിധാനമെന്ന ഇന്ത്യന്‍ സമൂഹത്തിന്‍റെ ആവശ്യവും പരിഗണിച്ചില്ല. എന്നാല്‍ സ്ഥാനാര്‍ത്ഥികള്‍ ടെലിഫോണ്‍ വഴിയും, ജനപ്രതിനിധികളും നേതാക്കന്മാരും നേരിട്ടെത്തിയും കണ്‍വെന്‍ഷനുകള്‍ വിളിച്ചു ചേര്‍ത്തും അണികളില്‍ തെരഞ്ഞെടുപ്പിന്‍റെ ആവേശം പകരുന്നുണ്ട്.
കോൺഗ്രസിന്‍റെ പ്രവാസി സംഘടനയായ ഇൻകാസിന്‍റെ നേതാക്കള്‍ വോട്ടു വണ്ടിയുമായി കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലും പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്.
കഴിയുന്നത്ര പ്രവാസികളെ തെരഞ്ഞെടുപ്പിന് നാട്ടിലെത്തിക്കുന്നതിനൊപ്പം. നാട്ടിലുള്ള വീട്ടുകാരുടെയും ബന്ധുക്കളുടേയും വോട്ടുകള്‍ ഉറപ്പു വരുത്താനുള്ള ചിട്ടയായ പ്രവര്‍ത്തനത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam