
റിയാദ്: മക്കയിലെ തമ്പുകളുടെ നഗരമായ മിനായിൽ വെച്ച് നടന്ന ഈ വർഷത്തെ ഔദ്യോഗിക ഹജ്ജ് വിരുന്നിൽ സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ പങ്കെടുത്തു. സൽമാൻ രാജാവിന് വേണ്ടി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് വാർഷിക ഹജ്ജ് സൽക്കാരം സംഘടിപ്പിച്ചത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും നയതന്ത്ര പ്രതിനിധികളും പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിെൻറ പ്രാധാന്യം വിളിച്ചോതുന്നതായിരുന്നു ഇന്ത്യൻ അംബാസഡറുടെ സാന്നിധ്യം.
അതേസമയം ഈ വർഷത്തെ ഹജ്ജ് കർമ്മങ്ങളിൽ പങ്കാളികളാകാൻ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 17 ലക്ഷത്തിലധികം തീർഥാടകർ എത്തിയതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് തീർഥാടകരുടെ എണ്ണത്തിൽ 2.04 ശതമാനത്തിന്‍റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
2025-ൽ ആകെ 1,673,230 പേരായിരുന്നു ഹജ്ജ് നിർവഹിച്ചതെങ്കിൽ, ഈ വർഷം ഇത് 1,707,301 ആയി ഉയർന്നു. കഴിഞ്ഞ വർഷത്തേക്കാൾ 34,071 തീർഥാടകർ ഈ പ്രാവശ്യം കൂടുതലായി എത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം ആകെ തീർഥാടകരിൽ 1,546,655 പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും, 160,646 പേർ സൗദി അറേബ്യയിലെ സ്വദേശികളും വിദേശ താമസക്കാരുമാണ് (ഇഖാമ ഉടമകൾ). തീർഥാടകരുടെ യാത്രാനടപടികൾ സുഗമമാക്കുന്നതിനുള്ള ‘മക്ക റൂട്ട് ഇനിഷ്യേറ്റീവ്’ വഴി ഈ വർഷം 388,694 പേർ മക്കയിലെത്തി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് മക്ക റൂട്ട് പദ്ധതി പ്രയോജനപ്പെടുത്തിയവരുടെ എണ്ണത്തിൽ 23.7 ശതമാനത്തിെൻറ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. തീർഥാടകർക്കായുള്ള വിവിധ സേവന സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനും പ്രവേശന കവാടങ്ങളിലെ സൗകര്യങ്ങൾ വികസിപ്പിക്കാനും സാധിച്ചതാണ് ഈ വർഷത്തെ നേട്ടമായി വിലയിരുത്തപ്പെടുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam